വിമാനവാഹിനിക്കപ്പൽ അടുത്തവർഷം സമർപ്പിക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

Saturday 26 June 2021 12:08 PM IST

കൊച്ചി: ഇന്ത്യൻ നാവികസേന ആഭ്യന്തരമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ അടുത്തവർഷം രാജ്യത്തിന് സമർപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധരംഗം സ്വദേശിവത്കരിക്കുന്ന ആത്മനിർഭർ ഭാരത് ദൗത്യത്തിന് വിമാനവാഹിനി നിർമാണം കരുത്ത് പകരും. കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിമാനവാഹിനിയുടെ കടലിലെ പരീക്ഷണയോട്ടത്തിന് മുന്നോടിയായി അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ കയറി മന്ത്രി നിർമാണം വിലയിരുത്തി.

എൻ.ഡി.എ സർക്കാരിന്റെ കാലത്ത് അംഗീകാരം നൽകിയ വിമാനവാഹിനി നിർമാണം അഭിമാനകരമായ പദ്ധതിയാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും നിർമാണത്തിൽ പുരോഗതി കൈവരിക്കാനായി. കപ്പലിന്റെ വിപുലമായ ശേഷിയും സൗകര്യങ്ങളും രാജ്യത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

വിമാനവാഹിനിയുടെ രൂപകല്പന, ഉരുക്ക്, നിർമാണസാമഗ്രികൾ എന്നിവയുടെ 75 ശതമാനവും ഇന്ത്യയിൽ നിർമിച്ചവയാണ്. സുപ്രധാനമായ ആയുധങ്ങളും മറ്റുഘടകങ്ങളും ആഭ്യന്തരമായി നിർമിച്ചവയാണ്. രാജ്യത്തിന്റെ 44 യുദ്ധക്കപ്പലുകളിൽ 42 ഉം ഇന്ത്യൻ കപ്പൽശാലകളിലാണ് നിർമിച്ചത്. തന്ത്രപരമായ പങ്കാളിത്ത പദ്ധതിയിലൂടെ സ്വദേശ നിർമാണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.

സമാധാനം പുലരാനാണ് രാജ്യം ആഗ്രഹിക്കുന്നതെങ്കിലും ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്ന സൂചന നൽകിയതാണ് ഗാൽവാൻ തിരിച്ചടി. കൊവിഡിനെതിരായ പോരാട്ടത്തിലും നാവികസേന നിർണായകപങ്ക് വഹിച്ചു.

സുരക്ഷയും വളർച്ചയും രാജ്യത്തെ എല്ലാവർക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യമാണ് നടപ്പാകുന്നത്. ഇൻഡോ പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചാവ്‌ള, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന തുടങ്ങിയവർ അനുഗമിച്ചു.

Advertisement
Advertisement