നിരന്നു ചരക്കുവണ്ടികൾ, വലിയങ്ങാടി 'വലുതായി '

Saturday 26 June 2021 12:02 AM IST
കോഴിക്കോട് വലിയങ്ങാടിയിലെ തിരക്ക്

കോഴിക്കോട്: വാഹനങ്ങൾ നിരത്തിലിറങ്ങുകയും കടകളുടെ ഷട്ടറുകൾ ഉയരുകയും ചെയ്തതോടെ വലിയങ്ങാടിയിൽ വീണ്ടും ഉണക്കമീനിന്റെയും അരിച്ചാക്കിന്റെയും മണം പടർന്നു. ചരക്കുമായി വാഹനങ്ങൾ നിരന്നതോടെ അങ്ങാടിയിലെ തിക്കും തിരക്കും സുഖമുളള കാഴ്ചയായി. ലോക്ക്ഡൗണിൽ വലിയങ്ങാടിയിലെ കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും യാത്രാസൗകര്യം ഇല്ലാത്തതിനാൽ പകുതി കച്ചവടക്കാർ മാത്രമാണ് എത്തിയിരുന്നത്. കച്ചവടം കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ചരക്ക് വാഹനങ്ങളുടെ വരവും കുറഞ്ഞു. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമായിരുന്നു ആളുകൾ വലിയങ്ങാടിയിൽ എത്തിയിരുന്നത്. പൊതുഗതാഗതം നിലച്ചതിനാൽ മലഞ്ചരക്ക് സാധനങ്ങളുമായി എത്തുന്ന കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. ഇളവുകൾ അനുവദിച്ചതോടെ ബസുകളും മറ്റ് വാഹനങ്ങളും ഓടാൻ തുടങ്ങിയത് വലിയങ്ങാടിക്കും ജീവൻ നൽകി. പേരാമ്പ്ര, ബാലുശ്ശേരി, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മലഞ്ചരക്ക് സാധനങ്ങൾ പ്രധാനമായും വലിയങ്ങാടിയിൽ എത്തിയിരുന്നത്. എന്നാൽ ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാൾ കച്ചവടം 40ശതമാനം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. അടക്ക, കുരുമുളക് എന്നിവയുടെ വരവ് കുറഞ്ഞത് വില അൽപ്പം കൂടാൻ ഇടയാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വലിയങ്ങാടിയിലേക്ക് ചരക്കുവാഹനങ്ങൾ കൂടുതലായി എത്തുന്നത്. ഇത് വലിയങ്ങാടിയിൽ കൊവിഡ് വ്യാപന ഭീതിയും ഉയർത്തുന്നു. കടയുടമകൾ, തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എല്ലാമായി ഒരേസമയം 2500ലധികം പേരാണ് വലിയങ്ങാടിയിൽ ഉണ്ടാകാറുള്ളത്. ലോറി ജീവനക്കാരുമായി ചുമട്ടുതൊഴിലാളികൾക്കും മൊത്ത വ്യാപാരികൾക്കും നേരിട്ടു സമ്പർക്കമുണ്ടാവുന്നതിനാൽ കൊവിഡ് വ്യാപിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. രോഗവ്യാപനമുണ്ടായാൽ മാർക്കറ്റ് വീണ്ടും അടച്ചിടേണ്ടിവരുന്ന അവസ്ഥ വരും. വലിയങ്ങാടിയാണെങ്കിലും തിക്കും തിരക്കും വേണ്ട എന്ന അറിയിപ്പ് കളക്ടർ ഫേസ് ബുക്കിലൂടെ നൽകിയിട്ടുണ്ട്.

Advertisement
Advertisement