ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ പാലിക്കണം

Saturday 26 June 2021 12:45 AM IST

പത്തനംതിട്ട : ശനി, ഞായർ ദിവസങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുള്ളതിനാൽ ജനങ്ങൾ അവ പൂർണമായും പാലിക്കണമെന്നും ലംഘനങ്ങളുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി അറിയിച്ചു. നിയമനടപടി ഉറപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ് പരിശോധന കർശനമാക്കി. മെഡിക്കൽ സേവനങ്ങൾ, അവശ്യ സർവീസുകൾ എന്നിവ ഒഴികെ പ്രവർത്താനുമതിയില്ല. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കും. ഹോം ഡെലിവറി നടത്താൻ മാത്രമാണ് അനുമതി. എന്നാൽ ഇത് പ്രായോഗികമല്ലാത്ത സാഹചര്യമുണ്ടായാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ ദിവസങ്ങളിൽ പാഴ്‌സൽ സർവീസ് നടത്താം. പാഴ്‌സലിനായി എത്തുന്നവർ സത്യപ്രസ്താവന കരുതണം. ബേക്കറികൾ, ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം കള്ളുഷാപ്പുകൾ മുതലായവ വിൽക്കുന്ന കടകൾക്ക് ഏഴു മുതൽ ഏഴു വരെ പ്രവർത്തിക്കാം.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ നടത്താം, യാത്രാരേഖകൾ കാണിച്ചാൽ മതി. രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ എടുക്കാൻ പോകുന്നവർ എന്നിവർക്കും യാത്രാരേഖകൾ കാണിച്ച് യാത്ര ചെയ്യാം.

Advertisement
Advertisement