ആദ്യം സഹപാഠിയുടെ പഠനം, പിന്നെ മതി ഫോട്ടോപിടിത്തം!

Saturday 26 June 2021 1:23 AM IST
ശിവജിത്ത് സാവിനും അനുജൻ വൈഷ്ണവ് സാവിനും

കൊല്ലം: സഹപാഠിക്ക് ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ കാമറ സ്വപ്നം മാറ്റിവച്ച് കുരുന്ന് സഹോദരന്മാർ.

കുരീപ്പുഴ ഇന്ദ്രപ്രസ്ഥത്തിൽ സനൂജിന്റെയും വിനീതയുടെയും മക്കളായ അഞ്ചാം ക്ലാസുകാരൻ ശിവജിത്ത് സാവിനും അനുജൻ രണ്ടാം ക്ലാസുകാരൻ വൈഷ്ണവ് സാവിനുമാണ് സഹപാഠിക്കായി സ്വപ്നങ്ങൾ മാറ്റിവച്ചത്. ഇരുവരും കുരീപ്പുഴ സർക്കാർ യു.പി സ്കൂൾ വിദ്യാർത്ഥികളാണ്.

മൊബൈൽ സൗകര്യമില്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത ധാരാളം കുട്ടികൾ നമ്മുടെ സ്കൂളിലുണ്ടെന്നും അവരെ സഹായിക്കാൻ നമ്മളും ശ്രമിക്കണമെന്ന് രണ്ടുദിവസം മുമ്പ് ഓൺലൈനായി ചേർന്ന പി.ടി.എ യോഗത്തിൽ ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ക്ലാസ് ടീച്ചർക്ക് ശിവജിത്ത് സാവിന്റെ വിളിയെത്തി. തന്റെ കൈയിൽ കുറച്ച് രൂപയുണ്ടെന്നും അത് നമ്മുടെ ക്ലാസിലെ ഫോണില്ലാത്ത കുട്ടിക്ക് നൽകാമെന്നുമായിരുന്നു വാഗ്ദാനം. ക്ലാസ് ടീച്ചർ ഹെഡ്മാസ്റ്രറുമായി ആലോചിച്ച ശേഷം അമ്മ വിനീതയെ ഫോണിൽ വിളിച്ചു. ജ്യേഷ്ഠനും അനുജനും കൂടി ഡിജറ്റൽ കാമറ വാങ്ങാൻ സൂക്ഷിച്ചുവച്ച പണമായിരുന്നുവെന്ന് അറിയിച്ചു. കാര്യമായ സമ്പത്തൊന്നും ഇല്ലാത്ത ഇടത്തരം കുടുംബമാണ് ഇവരുടേത്.
ഹെഡ്മാസ്റ്റർ പിന്നീട് നല്ല മനസുള്ള സഹോദരങ്ങളുടെ അച്ഛൻ സനൂജിനെ ഫോണിൽ ബന്ധപ്പെട്ടു. സംസ്ഥാനത്തിന് പുറത്താണ് അദ്ദേഹത്തിന് ജോലി. മക്കളുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച അച്ഛൻ അവർക്ക് താൻ പിന്നീട് കാമറ വാങ്ങിനൽകാമെന്നും ഹെഡ്മാസ്റ്ററോട് ഏറ്റു. പിന്നീട് ശിവജിത്ത് അമ്മയ്ക്കൊപ്പം പോയി പുതിയ മൊബൈൽ ഫോൺ വാങ്ങി സഹപാഠിയുടെ വീട്ടിലെത്തി കൈമാറി.

Advertisement
Advertisement