തനിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ അജൻഡയുടെ ഭാഗം,​ ഹൈക്കോടതി നടപടി ആത്മവിശ്വാസം നൽകുന്നതെന്ന് അയിഷ

Saturday 26 June 2021 8:17 PM IST

കൊച്ചി :തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികൾ രാഷ്ട്രീയ അജൻഡയുടെ ഭാഗമെന്ന് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ അയിഷ സുൽത്താന പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമ‍ർശത്തിൽ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യ​ദ്രോഹക്കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു അയിഷയുടെ പ്രതികരണം.

തൻ്റെ കുടുംബാം​ഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷ​ദ്വീപ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്. തനിക്ക് പിറകിൽ എന്തോ വൻസംഘമുണ്ടെന്നും താൻ ഭയങ്കര ആഡംബരജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിം​ഗ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവർ വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും അയിഷ വ്യക്തമാക്കി. മുൻകൂർ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതാണെന്നും അയിഷ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം അഗത്തിയിൽനിന്നു അയിഷ യാത്ര ചെയ്ത വിമാനം കൊച്ചിയിൽ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശേരിയിൽ തന്നെ തിരിച്ചെത്തി വിമാനം ലാൻഡ് ചെയ്തു. ഉച്ചയ്ക്ക് 1.40ന് അഗത്തിയിൽനിന്നു പുറപ്പെട്ട് മൂന്നിന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്യാനിരുന്ന എയർ ഇന്ത്യയുടെ 9ഐ 506 വിമാനത്തിലാണ് ഇവരെത്തിയത്. രാവിലെ കവരത്തിയിൽനിന്നു ഹെലികോപ്ടറിൽ അഗത്തിയിലെത്തിയാണ് ആയിഷ കൊച്ചിയിലേക്കു പുറപ്പെട്ടത്.

Advertisement
Advertisement