പൈപ്പിലും ബോർഡിലും അടിപൊളി വീട്

Sunday 27 June 2021 12:36 AM IST

കൊല്ലം: പോക്കറ്റ് കാലിയാകാതെ മനസിനിണങ്ങിയ വീട്, സിമന്റ് ഫൈബർ ബോർഡും ജി.ഐ പൈപ്പും നട്ടും ബോൾട്ടുമുപയോഗിച്ച്. ആയിരം സ്‌ക്വയർ ഫീറ്റിൽ രണ്ടു നില വീടിന് ചെലവ് 8.50 ലക്ഷം മാത്രം. 30 വർഷ ഗാരന്റി നിർമ്മാണക്കമ്പനിയുടെ ഉറപ്പ്.

കൊല്ലം ചന്ദനത്തോപ്പ് കുഴിയം മുമ്പാലക്കുളത്ത് ഒരു മാസം മുമ്പ് ആരംഭിച്ച വീടിന്റെ നിർമ്മാണം ഒരാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകും. പശുഫാം നടത്തുന്ന മുമ്പാലതാഴതിൽ രമണൻ പിള്ളയാണ് മൂന്നേകാൽ സെന്റ് ഭൂമിയിൽ വീട് പണികഴിപ്പിക്കുന്നത്.

എറണാകുളം പച്ചാളത്തെ ആഷ് വിൻ എൻജിനിയറിംഗാണ് കരാറുകാർ. ഇത്തരം വീടുകൾക്ക് ഡിമാൻഡ് ഏറിയതോടെ നിർമ്മാണ സ്ഥാപനങ്ങൾ കേരളത്തിൽ മിക്ക ജില്ലകളിലുമായിക്കഴിഞ്ഞു.

സാധാരണ അടിസ്ഥാനം കെട്ടി അതിനു മുകളിലാണ് വേറിട്ട നിർമ്മാണം. ആദ്യ നിലയ്ക്ക് മുകളിൽ 20 എം.എം കനമുള്ള സിമന്റ് ഫൈബർ ബോർഡ് ഉപയോഗിച്ചാണ് കോൺക്രീറ്റിന് പകരം തറയൊരുക്കുക. ഇതിന് മുകളിൽ ടൈൽ ഒട്ടിക്കും. വശങ്ങളിലെ ഭിത്തികൾക്ക് എട്ട് എം.എം കനമുള്ള ബോർഡുകളാണ് ഉപയോഗിക്കുക. അകത്തും പുറത്തും വയ്ക്കുന്നതിനാൽ ഇരട്ടി കനം ലഭിക്കും. ബാത്ത് റൂമുകൾക്ക് 10 എം.എം കനമാണ് ഉപയോഗിക്കുക.

സിമന്റ് ഫൈബർ ബോർഡ്

സിമന്റ്, സിലിക്ക സാൻഡ്, വുഡൻ പൾപ്പ് എന്നിവ കൊണ്ടാണ് നിർമ്മിക്കുന്നത്. നനഞ്ഞാൽ കേടാവില്ല. ചിതലരിക്കില്ല. ചൂടും കുറവ്.


വീട് ഇങ്ങനെ

1. ബാത്ത് റൂമുൾപ്പെടെ മൂന്ന് കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട്

2. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറി, ബാൽക്കണി

3. മേൽക്കൂര ഷീറ്റാണെങ്കിലും പുറമെ തോന്നില്ല

4. വീ ബോർഡുകളുയോഗിച്ച് ഭിത്തി നിർമ്മാണം

5. അലൂമിനിയം വാതിലും ജനൽപ്പാളികളും ഗ്ളാസിട്ട ജനലും

''

റോഡരികിലെ ചെറുഭൂമിയിൽ വീട് നിർമ്മാണത്തിന് ആലോചിച്ചപ്പോഴാണ് ചെലവ് കുറഞ്ഞ പൈപ്പുവീടുകളെപ്പറ്റി കേട്ടതും നിർമ്മാണം തുടങ്ങിയതും.

രമണൻ പിള്ള, ഗൃഹനാഥൻ

Advertisement
Advertisement