സ്ത്രീ നീതി: പ്രത്യേക കോടതിക്ക് നീക്കം,​ സർക്കാർ ശ്രമം തുടങ്ങി

Sunday 27 June 2021 12:50 AM IST

തിരുവനന്തപുരം:സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകൾ കെട്ടിക്കിടക്കുന്നതും നീതിനിഷേധവും ഒഴിവാക്കി കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക കോടതികൾക്ക് സർക്കാർ ശ്രമം തുടങ്ങി.

സ്ത്രീധനമരണവും ഗാ‌ർഹിക പീഡനവും സ്‌ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നീതി നിർവഹണം അതിവേഗത്തിലാക്കാൻ സെഷൻസ് കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യൽ കോടതിയായി അനുവദിക്കാനാകുമോ എന്നാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്‌തു.

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക കോടതികൾക്കൊപ്പം പൊലീസും തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെടുന്ന ശക്തമായ ഒരു സംവിധാനമാണ് സർക്കാർ ആലോചിക്കുന്നത്. സൂര്യനെല്ലി പോലെ കോളിളക്കമുണ്ടാക്കിയ ചില കേസുകളിൽ പ്രത്യേക കോടതികളുണ്ടായിട്ടുണ്ട്. അതിന് പകരം സ്ത്രീ പീഡന കേസുകൾക്ക് മാത്രമായി സ്ഥിരം കോടതിയാണ് പരിഗണിക്കുന്നത്.

കുട്ടികൾക്കെതിരായ പോക്സോ കേസുകൾക്ക് സ്ഥിരം കോടതികളുണ്ടെങ്കിലും ഇന്ത്യൻ ശിക്ഷാനിയമം ബാധകമാവുന്ന കുറ്റകൃത്യങ്ങൾക്ക് പ്രത്യേക കോടതി പറ്റില്ല. അതിനാൽ സ്ത്രീപീഡനക്കേസുകൾക്കായി ഒരു സ്പെഷ്യൽ സെഷൻസ് കോടതിയുണ്ടാക്കി, സെഷൻസ് ജഡ്ജിയെ അധികാരപ്പെടുത്താനേ കഴിയൂ. അബ്കാരി കേസുകൾക്ക് കൊട്ടാരക്കരയിലും നെയ്യാറ്റിൻകരയിലും അങ്ങനെയാണ് പ്രത്യേക കോടതികളുണ്ടാക്കിയതെന്ന് മുൻ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് കേരളകൗമുദിയോട് പറഞ്ഞു.

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ അതിവേഗകോടതികൾ സ്ഥാപിക്കണമെന്ന് 2013ൽ മോൻസ് ജോസഫ് അദ്ധ്യക്ഷനായ നിയമസഭാസമിതി ശുപാർശ ചെയ്തിരുന്നു.

പ്രത്യേക കോടതി സ്ഥാപിക്കാൻ

ഹൈക്കോടതിയുടെ അനുമതി വേണം.

ജഡ്‌ജിമാരുടെയും മറ്റും തസ്തികകൾ സൃഷ്ടിക്കണം.

ജഡ്ജിമാരെ ഹൈക്കോടതി നിശ്ചയിക്കും.

ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കണം

ശിക്ഷാനിരക്ക് തുച്ഛം

2011മുതൽ 2015വരെ 50,940 സ്‌ത്രീപീഡന കേസുകളുണ്ടായതിൽ 974 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 28.16 ശതമാനം മാത്രം.

ചെലവ്

75ലക്ഷം

ഒരു പ്രത്യേക കോടതിക്ക് 75ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഉത്തർപ്രദേശിൽ 218 അതിവേഗ കോടതികൾ സ്ഥാപിച്ചപ്പോൾ ചെലവിന്റെ 60 % കേന്ദ്രവും 40 % സംസ്ഥാനവുമാണ് വഹിച്ചത്.

കടുത്ത കുറ്റം

ഐ.പി.സി 304 ബി (1) പ്രകാരം സ്ത്രീധന മരണത്തിന് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാം.

സെക്‌ഷൻ 498 എ പ്രകാരം ഭർത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതയ്ക്ക് മൂന്ന് വർഷം തടവും പിഴയും

സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തണം. വിചാരണയും കാര്യക്ഷമമാക്കണം.

-ബി.ജി.ഹരീന്ദ്രനാഥ്

മുൻ നിയമസെക്രട്ടറി

മുഖ്യമന്ത്രിപറഞ്ഞത്

സ്ത്രീധന പീഡനം തടയാൻ പൊലീസ് കർശന നടപടിയെടുക്കണം

നീതിയുടെ പക്ഷത്താണെന്ന ബോദ്ധ്യം പൊലീസ് സൃഷ്ടിക്കണം

ഗാർഹിക പീഡനങ്ങൾ തടയാൻ വാർഡ്തലം വരെ ബോധവത്ക്കരണം

പ്രശ്നങ്ങളുണ്ടായാൽ തദ്ദേശസ്ഥാപനങ്ങൾ പെട്ടെന്ന് ഇടപെടണം

 സ്‌ത്രീകൾക്ക് പീഡന വിവരം അറിയിക്കാൻ നമ്പറുണ്ട്

ഇതിന് ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയുമുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാം

Advertisement
Advertisement