ക്ഷേമമില്ലാതെ പെരുവയലിൽ ഒരു കുടുംബ ക്ഷേമ കേന്ദ്രം

Sunday 27 June 2021 12:02 AM IST
നശിച്ചുകൊണ്ടിരിക്കുന്ന കുടുംബക്ഷേമ കേന്ദ്രം

കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഒരു കുടുംബ ക്ഷേമ ഉപകേന്ദ്രമുണ്ട്. കെട്ടിടം കണ്ടാൽ പ്രദേശത്തെ കുടുംബങ്ങൾക്കല്ല,​ ആദ്യം ക്ഷേമം ഉറപ്പുവരുത്തേണ്ടത് ഈ കേന്ദ്രത്തിനാണെന്ന് ആരും പറഞ്ഞുപോകും. അത്രകണ്ട് ജീർണിച്ച് വീഴാറായ അവസ്ഥയിലാണ് ഒരു പ്രദേശത്തുകാരുടെ ആതുരാലയം. ഒരുകാലത്ത് പ്രസവം വരെ നടത്തിയിരുന്ന വെള്ളിപറമ്പ്- കീഴ്മാട് കുടുംബ ഉപക്ഷേമ കേന്ദ്രം ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയിൽ ഭൂമിയുടെ അവകാശികളുടെ സുഖവാസ കേന്ദ്രമാണ്.

ആഴ്ചയിലൊരിക്കൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കാർഡുകളും വിറ്റാമിൻ ഗുളികകളും നൽകാൻ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എത്തുന്നതൊഴിച്ചാൽ അഞ്ചു വാർഡുകളുടെ ഉപകേന്ദ്രത്തെ ആരും തിരിഞ്ഞുനോക്കാറില്ല. 45 വർഷങ്ങൾക്കു മുമ്പാണ് കുടുംബ ക്ഷേമ ഉപകേന്ദ്രം ആരംഭിക്കുന്നത്. പെരുവയൽ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വലിയൊരു പ്രദേശത്തിന് ആവശ്യമായിരുന്നു ഈ ഉപ കേന്ദ്രം. മൂന്ന് ഡോക്ടർമാർ വരെ താമസിച്ച് ചികിത്സ നൽകിയിട്ടുണ്ട്. സാധാരണ രോഗങ്ങൾക്ക് പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശ്രയിച്ചിരുന്നത് ഉപകേന്ദ്രത്തെ ആയിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് വന്നതോടെ കേന്ദ്രത്തിന്റെ ശനിദശ തുടങ്ങി. 2017 മുതൽ പലതവണ ഗ്രാമസഭയിലും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും കാര്യമുണ്ടായില്ല. ആരോഗ്യ സഭയിലും പരാതിപ്പെട്ടിരുന്നു. 2018 ൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും സൂപ്രണ്ടിനും പരാതി നൽകി. പ്രിൻസിപ്പാൾ സ്ഥലം കാണുകയും ചെയ്തു. എന്നാൽ മെഡിക്കൽ എഡ്യുക്കേഷന്റെ കീഴിൽ വരുന്ന കേന്ദ്രം മെഡിക്കൽ കോളേജിന്റെ 8 കിലോമീറ്റർ പരിധിയിൽ ആയതിനാൽ ഡോക്ടറെ നിയമിക്കാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. കേന്ദ്രം അടച്ചതോടെ ചെറിയ അസുഖങ്ങൾക്കു പോലും മെഡിക്കൽ കോളേജിനെയാണ് പ്രദേശത്തുകാർ ആശ്രയിക്കുന്നത്. കൊവിഡ് ഭീതിയിൽ ചികിത്സ തേടാത്തവരുമുണ്ട്. ഇത്രപോലും സ്ഥല സൗകര്യമില്ലാത്ത അംഗൻവാടിയിലാണ് പ്രതിരോധ കുത്തിവെപ്പുകൾ നടക്കുന്നത്.

'അഞ്ച് വാർഡുകൾക്ക് ആശ്രയമായ സെന്ററാണ്. പഞ്ചായത്തിന് വിട്ടുകിട്ടാൻ നിരന്തരമായി ഡി.എം.ഇയോട് ആവശ്യപ്പെടുന്നുണ്ട്. അനുമതി ലഭിച്ചാൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരിക്കും- സുഹറാബി എം.കെ,​പ്രസിഡന്റ്,​ പെരുവയൽ പഞ്ചായത്ത് .

Advertisement
Advertisement