മാങ്ങ അഴുകിയൊടുങ്ങി കൊതിപരത്തി ചക്ക

Sunday 27 June 2021 12:02 AM IST
റോഡിൽ വീണ് നശിക്കുന്ന മാമ്പഴം

വടകര: മനുഷ്യരെ മാത്രമല്ല,​ കൊവിഡ് മാമ്പഴങ്ങളെയും വലുതായാണ് പരിക്കേൽപ്പിച്ചത്. മൂത്തുപഴുത്ത് മാമ്പഴ പുളിശേരിയും ജാമും ജ്യൂസുമൊക്കെയായി തീൻമേശയിൽ വിളങ്ങേണ്ട മാമ്പഴങ്ങൾ നാട്ടിൻപുറങ്ങളിൽ കൊഴിഞ്ഞ് അഴുകുകയാണ്. മാവുകളിൽ ഉണ്ണിമാങ്ങയാവുന്നതോടെ മാങ്ങയ്ക്ക് വില പറഞ്ഞുറപ്പിക്കാൻ കച്ചവടക്കാർ മത്സരിക്കുന്ന കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാമ്പഴ സീസണുകളിലും കച്ചവടമുറപ്പിക്കാൻ ആരുമെത്തിയില്ല. മുതിർന്നവർക്കൊപ്പം കുട്ടികളെയും അകത്തിരുത്തിയപ്പോൾ പുരയിടത്തിലെ തേനൂറും മാമ്പഴം പോലും പുഴുകയറി തീർന്നു. വിപണിയിൽ ആവശ്യക്കാരെറെയുള്ള ഒളോർ മാങ്ങയുൾപ്പെടെ പഴുത്ത് വീണ് ചീയുകയാണ്. കഴിഞ്ഞ സീസൺ തുടങ്ങുന്നതിന് മുമ്പേ കച്ചവടം ഉറപ്പിച്ച മാങ്ങകൾ ഒരു വിധം പറിച്ചെടുത്തിരുന്നെങ്കിലും ഈ വർഷം തീരെ കച്ചവടം നടന്നില്ല. അതിനാൽ മാവിൻ ചുവടുകൾ പഴുത്തുവീണ മാങ്ങകളാൽ നിറയുകയാണ്. വീടുകൾ തമ്മിൽ സമ്പർക്കമില്ലാതായതും മാങ്ങ പറിച്ചെടുക്കാൻ ആളുകൾ വരാൻ മടിച്ചതും മാമ്പഴപ്രിയം കുറച്ചു. കൊവിഡ് കാലം മാങ്ങയ്ക്ക് ശനിദശയായിരുന്നെങ്കിൽ ലോക്ക് ഡൗണിൽ ചക്ക താരമാണ്. മഴക്കാലമായാൽ ഇഷ്ടം കുറയുന്ന ചക്കയ്ക്ക് കൊവിഡ് വറുതി തുണയായി. മിക്ക വീടുകളിലും ഉപ്പേരിയായും പുഴുക്കായും ചക്കപ്പഴമായും കൊതിപരത്തുകയാണ്. മുമ്പ്കാലം പറമ്പുകളിലും റോഡിലും ഇടവഴികളിലുമെല്ലാം അഴുകികിടന്നിരുന്ന ചക്കയുടെ ഗതിയാണ് ഇപ്പോൾ മാങ്ങയുടേത്.

Advertisement
Advertisement