ബുഡാപെസ്റ്റിലും അരീക്കോടിന്റെ ഫുട്ബാൾ ആവേശം അലതല്ലി

Sunday 27 June 2021 12:14 AM IST
യൂറോകപ്പിലെ ഫ്രാൻസ്, പോർച്ചുഗൽ മത്സരം കാണാൻ ഹംഗറിയിലെ ബുഡാപെസ്റ്റ് സ്റ്റേഡിയത്തിൽ എത്തിയ നസ്മലും, കൂട്ടുകാരും

അരീക്കോട് : യൂറോകപ്പിൽ ഫ്രാൻസ്, പോർച്ചുഗൽ മത്സരത്തിനിടെ ഗാലറിയിൽ നിന്നും എംബാപ്പെയെ വിളിക്കുന്ന മലയാളികളുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ''എംബാപ്പെ,​ ഇങ്ങോട്ട് നോക്കീ, ഞങ്ങൾ അരീക്കോട്ടുകാരാണ്'' എന്നാണ് ഉച്ചത്തിൽ ഗാലറിയിൽ നിന്നും വിളിച്ചു പറയുന്നത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയായ നസ്മലിന്റെ വീഡിയോയാണ് വൈറലാവുന്നത്.

മലപ്പുറത്തിന്റെ ഫുട്‌ബാൾ ആവേശമാണ് യൂറോ കപ്പ് മത്സരം നടക്കുന്ന ഹംഗറിയിലെ ബുഡാപെസ്റ്റ് സ്റ്റേഡിയത്തിലും ഉയർന്നുകേട്ടത്. അരീക്കോട് പുത്തലം സ്വദേശിയായ നസ്മൽ, സാജിദ് താഴത്തങ്ങാടി, അസ്രു പത്തനാപുരം എന്നിവരും ഇവരുടെ സുഹൃത്തുക്കളുമാണ് ബുഡാപെസ്റ്റ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത്. കളിയിൽ ആവേശം കൊണ്ടിരിക്കുന്ന സമയത്താണ് എംബാപ്പെയും മറ്റു കളിക്കാരും ഗാലറിയിൽ നിന്ന് ശരിക്കും കാണത്തക്കവിധം ഗ്രൗണ്ടിലെ ഒരു ഭാഗത്ത് വന്നു നിന്നത്. ഈ സമയത്ത് നസ്മൽ ഉച്ചത്തിൽ വിളിച്ച് എംബാപ്പെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. വിളി കേട്ട് എംബാപ്പെ തിരിഞ്ഞു നോക്കുന്ന വീഡിയോ ഇവർ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അരീക്കോട് പുത്തലം സ്വദേശികളായ അബ്ദുൾ ഗഫൂർ, റുഖിയ ദമ്പതികളുടെ മകനായ നസ്മൽ മാൾട്ടയിലാണ് ജോലി ചെയ്യുന്നത്.

''വീഡിയോ വൈറൽ ആകുമെന്ന് വിചാരിച്ചിരുന്നില്ല . കളിയുടെ ആവേശത്തിലാണ് വീഡിയോ എടുത്തത്''- നസ്മൽ

Advertisement
Advertisement