ഹലോ..വണ്ടി കേടായി, സോറി, ഇന്ന് തുറക്കില്ല

Monday 28 June 2021 12:02 AM IST

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവിൽ ഗതാഗതത്തിന് നിയന്ത്രണം കുറഞ്ഞെങ്കിലും തകരാർ വന്ന് വഴിയിൽപെട്ടാൽ വിയർക്കുകയാണ് പലരും. വർക്ക്ഷോപ്പുകളും സർവീസ് സെന്ററുകളും തുറക്കുന്നതിന് തുടരുന്ന നിയന്ത്രണമാണ് വാഹന യാത്രക്കാരെ കുഴയ്ക്കുന്നത്. കൊവിഡ് ഭീതി മൂലം പൊതുഗതാഗതം കുറച്ച് സ്വന്തം വാഹനം ഉപയോഗിക്കുന്നവരാണ് വഴിയിൽ കുടുങ്ങി നട്ടംതിരിയുന്നവരിൽ ഏറെയും. മെക്കാനിക്കിനെ വിളിച്ചാൽ പ്രവൃത്തി ദിവസമല്ലാത്തതിനാൽ പലരും വരാനും മടിക്കുന്നു. മറ്റ് വാഹന യാത്രക്കാരുടെ സഹായം തേടാമെന്ന് കരുതിയാൽ കൊവിഡ് പേടിയിൽ പലരും കാര്യമെന്തെന്ന് ചോദിക്കാൻ പോലും നിർത്തുന്നില്ല. വാഹനം ഓടിക്കാനല്ലാതെ മെക്കാനിക്ക് വശമില്ലാത്തവരാണ് സ്വകാര്യ വാഹന യാത്രക്കാരിൽ ഭൂരിപക്ഷവും. സ്വയം നന്നാക്കാനിറങ്ങി കുഴപ്പത്തിലാവുന്നത് ഒഴിവാക്കാൻ ' പരീക്ഷണം' വേണ്ടെന്ന് വയ്ക്കുകയാണ് മിക്കവരും.

ജില്ലയിൽ 120 വർക്ക് ഷോപ്പുകളും അത്രതന്നെ സർവീസ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് വർക്ക് ഷോപ്പുകൾക്കും സർവീസ് സെന്ററുകൾക്കും തുറക്കാൻ അനുമതി. അതിനാൽ മറ്റുളള ദിവസങ്ങളിൽ വഴിയിൽ പെട്ടാൽ കുടുങ്ങിയതു തന്നെ. ചില വർക്ക് ഷോപ്പുകൾ വീടുകളിലും റോഡുകളിലും മെക്കാനിക്കിനെ അയക്കുന്നുണ്ടെങ്കിലും പരിമിതിയുണ്ടെന്നാണ് അവർ പറയുന്നത്. പലർക്കും ഒരേസമയം പല ഭാഗങ്ങളിലേക്ക് അയക്കാൻ ആവശ്യമായ ജീവനക്കാരുമില്ല. പ്രവൃത്തി ദിവസം വാഹനം വർക്ക് ഷോപ്പിലോ സർവീസ് സെന്ററിലോ എത്തിച്ചാൽ ചെറിയ തകരാറാണെങ്കിൽ ശരിയാക്കി കിട്ടാൻ ഒരു ദിവസം മുഴുവൻ കാത്തിരിക്കണം. കാര്യമായ തകരാറാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് കിട്ടേണ്ട വാഹനത്തിന് ആഴ്ചകളും മാസങ്ങളും വരെ കാത്തിരിക്കേണ്ടി വരും. കാലതാമസത്തെ ചൊല്ലിയുണ്ടാകുന്ന തർക്കം ഒഴിവാക്കാൻ മിക്ക സർവീസ് സെന്ററുകളും വാഹന ഉടമകളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങിയാണ് പ്രവൃത്തി ഏറ്റെടുക്കുന്നത്. കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ പഴയ വാഹനങ്ങൾ വാങ്ങി യാത്ര ചെയ്യുന്നവരാണ് വഴിയിൽപെടുന്നവരിൽ അധികവും. കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ അടച്ചിടൽ തുടർക്കഥയായതോടെ ഉപജീവനത്തിനായി മറ്റ് ജോലി തേടിയിറങ്ങിയ നിരവധി ഓട്ടോമൊബൈൽ മെക്കാനിക്കുകളുമുണ്ട് ജില്ലയിൽ. അവരുടെ സങ്കടവും സർക്കാർ കാണാതെ പോവുകയാണ്.

 അറിയുന്നവർ വഴിയിൽ കുടുങ്ങിയാൽ വാഹനം നന്നാക്കി കൊടുക്കാറുണ്ട്. എല്ലായിടത്തും പോകാൻ ആവശ്യത്തിന് തൊഴിലാളികളില്ല - അജിൻ , ഓട്ടോമൊബൈൽ മെക്കാനിക്.

Advertisement
Advertisement