ഭൂവസ്ത്രം പുർതച്ച് മീൻകുഴി തോട്

Monday 28 June 2021 12:08 AM IST
പാലത്തിങ്ങൽ കൊട്ടന്തലയിലെ മീൻകുഴി തോട്ടിൽ കയർഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ നിർവഹിക്കുന്നു

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ മീൻകുഴി തോടിന്റെ സംരക്ഷണത്തിനായി കയർഭൂവസ്ത്രം വിരിച്ചു. ഇതോടെ പാലത്തിങ്ങൽ കൊട്ടന്തലയിലെയും പരിസര പ്രദേശങ്ങളിലെയും കൃഷിയിടങ്ങളിലേക്ക് തടസ്സമില്ലാതെ വെള്ളമെത്തും. ആലപ്പുഴയിൽ നിന്നെത്തിച്ച കയർ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികൾ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19ാം ഡിവിഷനിൽപ്പെടുന്ന കൊട്ടന്തലയിലെ മീൻകുഴി തോടിന്റെ ഇരുവശങ്ങളിലും 370 മീറ്റർ ദൂരത്തിലാണ് കയർഭൂവസ്ത്രം വിരിച്ചത്. അറ്റത്തങ്ങാടി നായാടിക്കുളത്തു നിന്ന് തുടങ്ങി കൽപ്പുഴയിൽ സമാപിക്കുന്ന മീൻകുഴി തോടിന്റെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് പരപ്പനങ്ങാടി നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി നടത്തിയത്. 15 തൊഴിലുറപ്പ് തൊഴിലാളികളാണ് രണ്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
കയർഭൂവസ്ത്രം വിരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എ. ഉസ്മാൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.നിസാർ അഹമ്മദ്, ഷാഹുൽ ഹമീദ്, പി.വി.മുസ്തഫ, കൗൺസിലർമാരായ എ.വി.ഹസ്സൻകോയ, അബ്ദുൽ അസീസ് കുളത്ത്, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ സി.പി.ഷാഹിദ്, പി.അബ്ദുൾ റഷീദ്, മുൻ ചെയർപേഴ്സൺ വി.വി. ജമീല, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു.

Advertisement
Advertisement