സൗജന്യ കിറ്റ്: ഉദ്യോഗസ്ഥരും സമ്പന്നരും പുറത്താകും

Monday 28 June 2021 12:00 AM IST

തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചന. ഭക്ഷ്യക്കിറ്റ് സർക്കാരിന് വൻസാമ്പത്തിക ബാദ്ധ്യതയായ സാഹചര്യത്തിലാണിത്. 4050 കോടി രൂപയാണ് ഇതുവരെ ഇതിനായി ചെലവഴിച്ചത്. പ്രതിമാസം ശരാശരി 405 കോടി രൂപ വേണ്ടിവരുന്നു.
സാമ്പത്തികശേഷിയുള്ളവർ സ്വയം പിൻമാറണമെന്ന് സിവിൽ സപ്ളൈസ് വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഒഴിവാക്കേണ്ടവരുടെ പട്ടിക വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കുന്നുണ്ട്. പാവങ്ങൾക്കുള്ള മുൻഗണനാ കാർഡ് അനർഹമായി സ്വന്തമാക്കിയവരെ ഒഴിവാക്കുന്ന

തിനൊപ്പം ഇത്തരക്കാരെ കിറ്റിന്റെ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാവും.

ജൂൺവരെയാണ് സൗജന്യ കിറ്റ് പദ്ധതി പ്രാബല്യത്തിലുള്ളത്. അതിന്റെ വിതരണം ജൂലായിൽ പൂർത്തിയാവും.

പദ്ധതി തുടരുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. എല്ലാവർക്കും സൗജന്യ കിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ആഗസ്റ്റിൽ സൗജന്യ ഓണക്കിറ്റ് എല്ലാവർക്കും വിതരണം ചെയ്യാൻ ധാരണയായിട്ടുണ്ട്.

കൊവിഡിനെതുടർന്ന് ലോക്ക് ഡൗൺ വന്നതോടെ കഴിഞ്ഞവർഷം സെപ്തംബറിലാണ് സൗജന്യ കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്. തുടർന്നു നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിറ്റ് വിതരണം ഇടതുപക്ഷത്തിന്റെ വിജയത്തിന് വഴിയൊരുക്കി എന്ന വിലയിരുത്തലുണ്ടായി. അതോടെ പദ്ധതി നീട്ടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും അതിനു പ്രേരണയായി.

സർക്കാർ ഉദ്യോഗസ്ഥർക്കും സമ്പന്നർക്കും എന്തിന് ?

ശമ്പള പരിഷ്കരണത്തോടെ ഉയർന്ന തുക പ്രതിമാസം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അതിസമ്പന്നർക്കും സൗജന്യ കിറ്റ് നൽകുന്നതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ലോക്ക് ഡൗൺ കാലത്ത് ജോലി ഇല്ലാതിരിക്കുമ്പോഴും കൃത്യമായി ഉയർന്ന തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും തൊഴിൽ ചെയ്യാനാവാതെ വരുമാനം മുടങ്ങി പ്രതിസന്ധിയിലായ സാധാരണക്കാരും ഒരുപോലാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

വെല്ലുവിളി

മുൻഗണനാ ആനുകൂല്യം കിട്ടേണ്ട പലർക്കും കിട്ടിയത് മുൻഗണനേതര (വെള്ള)കാർഡാണ്. അതിനാൽ നിലവിലെ കാ‌ർഡ് അടിസ്ഥാനമാക്കി ഒഴിവാക്കൽ സാദ്ധ്യമാകില്ല.

പരിഹാരമാർഗം

റേഷൻ കാർ‌‌‌ഡ് വിതരണത്തിലെ പോരായ്മ പരിഹരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. അതു കുറ്റമറ്റ രീതിയിൽ പൂർത്തിയായാൽ കാർഡ് അടിസ്ഥാനത്തിൽ ഒഴിവാക്കാം.

സർക്കാർ ജീവനക്കാരുടെ കണക്ക് സിവിൽ സപ്ലൈസ് വകുപ്പ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അതു മാനദണ്ഡമാക്കാം.

Advertisement
Advertisement