ജമ്മു ഭീകരാക്രമണം : അതീവ ജാഗ്രതാ നിർദ്ദേശം

Monday 28 June 2021 12:00 AM IST

ന്യൂഡൽഹി: ജമ്മുവിലെ തന്ത്രപ്രധാന വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഉന്നതതല അന്വേഷണത്തിന് വ്യോമസേനയും ഉത്തരവിട്ടു. ജമ്മുകശ്മീരിലെ പാർട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ആക്രമണം.

സ്ഥിതി വിലയിരുത്താൻദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവലിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റിപ്പോർട്ടുണ്ട്. സംഭവത്തെ പറ്റി പ്രധാനമന്ത്രി റിപ്പോർട്ട്‌ തേടിയിട്ടുണ്ട് . എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാജ്യത്തെ വിമാനത്താവളങ്ങളിലും സൈനിക താവളങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. എൻ.എസ്.ജിയുടെ ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തിലെത്തി.


വിമാനത്താവളത്തിൽ ഡ്രോൺ വഴി സ്‌ഫോടനം നടത്തിയത് ഗൗരവതരമായാണ്‌ സേനയും പൊലീസും കാണുന്നത്. എം.ഐ.17 ഹെലികോപ്ടറുകളും, സേനാ വിമാനങ്ങളും കിടക്കുന്ന ഹാങ്ങറിനടുത്ത് ഡ്രോൺ എത്തിയതും ഗൗരവം വർദ്ധിപ്പിക്കുന്നു.


പിടിക്കപ്പെടാൻ സാദ്ധ്യത കുറവ്

ആയുധങ്ങൾ കടത്താനും നിരീക്ഷണത്തിനും അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരർ അയച്ച പാക് ഡ്രോണുകൾ പഞ്ചാബിലും മറ്റും സുരക്ഷാ സേന വെടിവെച്ചിട്ടിട്ടുണ്ട്.

പിടിക്കപ്പെടാൻ സാദ്ധ്യത കുറവായതും വളരെവേഗം ആയുധങ്ങൾ കടത്താമെന്നതുമാണ് ഡ്രോണുകളുടെ മെച്ചം.

ചൈനീസ് നിർമ്മിത ഡ്രോണുകൾ പാകിസ്ഥാൻ ഉപയോഗിച്ചേക്കുമെന്ന സൂചന രഹസ്യാനേവഷണ ഏജൻസികൾക്ക് കിട്ടിയിരുന്നു. ക്വാഡ്‌കോപ്ടർ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയും അതിർത്തികളിൽ ഇപ്പോൾ നിരീക്ഷണം നടത്തുന്നുണ്ട്.

Advertisement
Advertisement