വൻ മുന്നേറ്റവുമായി സ്വർണം ഇറക്കുമതി

Monday 28 June 2021 3:32 AM IST

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യ രണ്ടുമാസക്കാലയളവിൽ കുറിച്ചത് വൻ വളർച്ച. 2020 ഏപ്രിൽ-മേയ് മാസങ്ങളിലെ 7.91 ഡോളറിനെ (587.08 കോടി രൂപ) അപേക്ഷിച്ച് 691 കോടി ഡോളറിലേക്കാണ് (51,286 കോടി രൂപ) ഇറക്കുമതി കുതിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വെള്ളി ഇറക്കുമതി 93.7 ശതമാനം ഇടിഞ്ഞ് 2.75 കോടി ഡോളറിലെത്തി.

സ്വർണം ഇറക്കുമതിയിൽ ലോകത്ത് ഒന്നാമതും ഉപഭോഗത്തിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതുമാണ് ഇന്ത്യ. പ്രതിവർഷം 800-900 ടൺ സ്വർണമാണ് ശരാശരി ഇന്ത്യയുടെ ഇറക്കുമതി. അതേസമയം, സ്വർണം ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയെ സാരമായി ബാധിക്കും. ഏപ്രിൽ-മേയിൽ വ്യാപാരക്കമ്മി (മൊത്തം കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരം) മുൻവർഷത്തെ സമാനകാലത്തെ 991 കോടി ഡോളറിൽ നിന്ന് 2,138 കോടി ഡോളറിലേക്ക് വർദ്ധിച്ചിട്ടുണ്ട്.

കയറ്റുമതിയിലും നേട്ടം

ഏപ്രിൽ-മേയിൽ ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതിയിലും ഉണർവുണ്ട്. 110 കോടി ഡോളറിൽ നിന്ന് 634 കോടി ഡോളറിലേക്കാണ് കയറ്റുമതി ഉയർന്നത്.

Advertisement
Advertisement