പൊലീസ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ

Monday 28 June 2021 1:59 AM IST

ഓരോ ഫയലും ഓരോ ജീവിതമാണെന്നും ഫയലുകൾ ഒരിക്കലും മരിച്ച രേഖകളാകരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തുന്നു. അപ്പോഴും ആയിരക്കണക്കിന് ഫയലുകൾ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് തീരുമാനമാകാതെ ചുവപ്പുനാടയ്‌ക്കുള്ളിൽ കുരുങ്ങിക്കിടക്കുകയാണ്. ഇക്കൂട്ടത്തിൽ പൊലീസ് സേനയിൽ സമയപരിധിയില്ലാതെ കഷ്ടപ്പാടുകൾ സഹിച്ച് സേവനമനുഷ്‌ഠിച്ച ഒരുവിഭാഗം വൃദ്ധരായ പെൻഷൻകാരുടെ ജീവിതവുമുണ്ട്.

2010 ന് മുൻപ് വിരമിച്ച ഇവരുടെ പരിശീലനകാലം സർവീസായി പരിഗണിക്കാൻ 2013ൽ സമർപ്പിച്ച നിവേദനങ്ങളും കോടതിയിൽ നിന്നും സമ്പാദിച്ച നാല് അനുകൂല വിധികളുമടങ്ങുന്ന ഒരു ഫയലും എട്ടുവർഷമായി ചുവപ്പുനാടയിൽ തളയ്‌ക്കപ്പെട്ടിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് വിരമിച്ചവരായതിനാൽ ആനുകൂല്യം അനുവദിച്ചാൽ സർക്കാരിനു ഭീമമായ സാമ്പത്തിക ബാദ്ധ്യതയാകുമെന്നായിരുന്നു ആദ്യത്തെ വാദം. മുഴുവൻ കുടിശികയും ഉപേക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ, പൊലീസ് സേനയുടെ പരിശീലനകാലം സർവീസായി പരിഗണിച്ചത് 2011ലാണെന്നും അതിനു മുൻപ് വിരമിച്ചവർക്ക് ബാധകല്ലെന്നുമായിരുന്നു രണ്ടാമത്തെ വാദം. പരസ്പര വിരുദ്ധമായ എതിർവാദമുഖങ്ങൾ ഉന്നയിച്ച് ആനുകൂല്യം ബോധപൂർവം നിഷേധിക്കാൻ ശ്രമിക്കുന്ന സർക്കാർ ഈ ഉത്തരവിനു മുൻപും പിൻപും സേനയിൽ നിന്നും മറ്റു വകുപ്പുകളിലേക്ക് മാറിപ്പോയവർക്ക് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അനുവദിച്ചതെന്ന ചോദ്യത്തിനു മുന്നിൽ നിശബ്ദത പാലിക്കുകയാണ്. മറ്റുള്ള പൊലീസ് സേനാംഗങ്ങളെപ്പോലെ അതേരീതിയിൽ പരിശീലനം നേടിയവരുടെ പരിശീലന കാലവും സർവീസായി പരിഗണിക്കുക എന്ന അവകാശത്തെയാണ് കോടതി അംഗീകരിച്ചത് .

എം. പ്രഭാകരൻ
ജില്ലാ പ്രസിഡന്റ്
കേരള പൊലീസ് പെൻഷനേഴ്സ്
അസോസിയേഷൻ
ഫോൺ : 9400499918

Advertisement
Advertisement