പല്ലി​നും മോണയ്ക്കും പാരയായി​ മാസ്ക്ക് മൗത്ത്

Tuesday 29 June 2021 12:21 AM IST

കൊച്ചി: കൊവിഡാനന്തരX കൂടുതലാളുകളിലും മോണരോഗങ്ങൾ ബാധിക്കുന്നതായി ആരോഗ്യ വിദഗ്‌ദ്ധർ. ദന്തസംരക്ഷണത്തി​ൽ ശ്രദ്ധ ഇല്ലാത്തവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലും.

മോണരോഗം, വായ്‌പുണ്ണ്, വെള്ളപ്പൂപ്പൽ, അതീവ ഗുരുതരമായ മ്യൂകോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്, പുളിപ്പ്, വരുണ്ടുണങ്ങിയ വായ, കൊവിഡ് ടങ്ങ് (നാവിൽ തൊലിപോകൽ) തുടങ്ങിയവയാണ് കൊവിഡിന്റെ അനന്തരഫലമായി കണ്ടുവരുന്നത്.

മാസ്‌ക് മൗത്ത് എന്ന വില്ലൻ

മാസ്‌ക് ദീർഘനേരം ഉപയോഗിക്കുമ്പോൾ വായിൽ ഉണ്ടാവുന്ന അസ്വസ്ഥതതകൾക്ക് ഒരു പരിധിവരെ വായിലെ ശുചിത്വക്കുറവും കാരണമാണ്. ഈ അവസ്ഥയാണ് 'മാസ്‌ക് മൗത്ത്'. ദന്തക്ഷയം, പൂപ്പൽ ബാധ, മോണവീക്കം, വായ്‌നാറ്റം എന്നിവ ഇതിലൂടെ ഉണ്ടാകാം.

ദീർഘനേരം മാസ്‌ക് വെയ്ക്കുമ്പോൾ പലരും വെള്ളം കുടിക്കാൻ മറന്നുപോകുന്നതും രണ്ടു നേരം പല്ലു തേക്കാത്തതും നാക്ക് വൃത്തിയാക്കാത്തതുമാണ് കാരണം.

മാസ്‌ക് അധികനേരം ഉപയോഗിക്കുമ്പോൾ വായ വരണ്ടുണങ്ങും. ഉമിനീരിന്റെ പ്രവാഹം കുറയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന വൃത്തിയാക്കൽ പ്രക്രിയയ്ക്ക് തടസമുണ്ടാകും. ഇത് ദന്തക്ഷയത്തിന് കാരണമാകും. വായിലൂടെ ശ്വാസമെടുക്കുന്നതും നിർജലീകരണവും വഴി നാക്കിൽ പൂപ്പലുണ്ടാകും.

ദന്തശുചിത്വം ഉറപ്പാക്കാം

ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക, നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഇത് നാവിൽ വെള്ള പൂപ്പൽ വരാതെ ഒരു പരിധി വരെ സംരക്ഷിക്കും. പല്ലിന്റെ ഇടയിലെ അഴുക്ക് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യണം. ബ്രഷിന്റെ പ്രതലമോ ടംഗ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. മധുരത്തിന്റെയും ആൽക്കഹോളിന്റെയും അംശം അടങ്ങാത്ത മൗത്ത് വാഷുകൾ ഉപയോഗിക്കാം. ദിവസവും കുറഞ്ഞത് എട്ടു മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കുക.

മാസ്ക്കിനൊപ്പം വായും വൃത്തിയാക്കണം

കൊവിഡ് കാല ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട് 2000 പേരിൽ സർവേ നടത്തിയിരുന്നു. ഇതിൽ 32 ശതമാനം ആളുകളിൽ വായ്‌നാറ്റം, 24 ശതമാനം ആളുകളിൽ വായിൽ വരൾച്ച, 17 ശതമാനം ആളുകളിൽ വായ്പ്പുണ്ണ് എന്നിവ കണ്ടെത്തി. മാസ്ക്ക് ധരിക്കുന്നതിന് ഒപ്പം ദന്ത ശുചിത്വം ഉറപ്പുവരുത്താത്തതാണ് ഇതിനു കാരണം.

ഡോ.ജി.ആർ. മണികണ്ഠൻ,കൺവീനർ, കൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത്, ഇന്ത്യൻ ദന്തൽ അസോസിയേഷൻ

Advertisement
Advertisement