പൊതുമേഖലാ ഓഹരി വില്പന: നടപടികൾ സജീവമെന്ന് കേന്ദ്രം

Tuesday 29 June 2021 12:00 AM IST

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2021-22) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ നേടുകയെന്ന ലക്ഷ്യം കാണാനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്‌മണ്യൻ പറഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ), എയർ ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, കണ്ടെയ്‌നർ കോർപ്പറേഷൻ, നീലാചൽ ഇസ്‌പത് നിഗം ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലെ സർക്കാർ ഓഹരികളാണ് വിറ്റൊഴിയുന്നത്.

പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പനയും ഇതോടൊപ്പം നടക്കും. രണ്ടു പൊതുമേഖലാ ബാങ്കുകൾ, ഒരു ഇൻഷ്വറൻസ് കമ്പനി എന്നിവയുടെ ഓഹരി വില്പനയും നടപ്പു വർഷത്തെ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ഓഹരി വില്പനയെ കൊവിഡിന്റെ ഒന്നാംതരംഗം സാരമായി ബാധിച്ചുവെന്നും രണ്ടാംതരംഗം വെല്ലുവിളിയായില്ലെന്നും കൃഷ്‌ണമൂർത്തി സുബ്രഹ്‌മണ്യൻ പറഞ്ഞു. തെലങ്കാന ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ എട്ട് മാസങ്ങളിൽ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്കുമേൽ ലഭിച്ചത് രാജ്യത്ത് ഉപഭോഗം വർദ്ധിക്കുന്നതിന്റെ സൂചനയാണ്. സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നുവെന്നും ഇതു വ്യക്തമാക്കുന്നു.

Advertisement
Advertisement