ശ്രീനാരായണ ചെയറിനോടും അയിത്തം ! പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷം

Tuesday 29 June 2021 12:42 AM IST

കോട്ടയം: വർഷങ്ങൾക്കു മുമ്പ് എം.ജി സർവകലാശാലയിൽ ആരംഭിച്ച ശ്രീനാരായണ ചെയറിനോട് അധികൃതർക്ക് അയിത്തം. ചെയറിന്റെ പ്രവർത്തനം നിലച്ചിട്ട് അഞ്ചു വർഷമായി. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ രംഗത്തു വന്നിട്ടും ചെയർമാനെ നിയമിക്കാനോ ചെയർ പുനരുജ്ജീവിപ്പിക്കാനോ ഒരു നീക്കവും ഇല്ല.

വിവിധ ചെയറുകൾ നടത്തിക്കൊണ്ടുപോകാൻ തനതു ഫണ്ടില്ല. പുറത്തുനിന്ന് പിരിവ് നടത്തിയോ ഫണ്ട് ഉണ്ടാക്കിയോ വേണമെങ്കിൽ ശ്രീനാരായണ ചെയറിന്റെ പ്രവർത്തനം ആരംഭിക്കാമെന്നാണ് ഒരു സിൻഡിക്കേറ്റംഗം പറഞ്ഞത്. മഹാന്മാരുടെ പേരിൽ ചെയറുകൾ തുടങ്ങി എന്തിന് അവരെ അപമാനിക്കുന്നുവെന്നു ചോദിച്ചാൽ ഉത്തരമില്ല.

ശ്രീനാരായണ ഗുരുദേവ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് പതിറ്റാണ്ടിനു മുമ്പ് എം.ജി സർവകലാശാലയിൽ ശ്രീനാരായണ ചെയർ തുടങ്ങിയത്. പ്രൊഫ. എം.കെ.സാനുവായിരുന്നു ആദ്യ ചെയർമാൻ. സാനുമാഷിന്റെ കാലാവധിക്കു ശേഷം വർഷങ്ങളോളം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടന്നു. 2014 ൽ ചുമതലയേറ്റ ഡോ.തേവന്നൂർ മണിരാജ് ആയിരുന്നു അവസാന ചെയർമാൻ.

 പുസ്തകങ്ങൾ എവിടെ?

ചെയർ ഉദ്ഘാടകനായിരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രണ്ടരലക്ഷം രൂപയുടെ പുസ്തകങ്ങളും റാക്കും നൽകി. പി.ആർ.ഒ ഓഫീസിനു സമീപം ശ്രീനാരായണ ചെയറിന്റെ ബോർഡോടെ മുറി തുറന്നെങ്കിലും 2016ൽ ചെയർമാന്റെ കാലാവധി കഴിഞ്ഞതോടെ മുറി നാഷണൽ സർവീസ് സ്കീം പ്രവർത്തനത്തിനായി മാറ്റി. ശ്രീനാരായണ ചെയറിന്റെ ബോർഡും അതോടെ പോയി. പുസ്തകങ്ങൾ ആരെങ്കിലും അടിച്ചു മാറ്റിയോ എന്നറിയില്ല. എൻ.എസ്.എസ് ഓഫീസിനുള്ളിലുണ്ടെന്നാണ് അധികൃതർ പറയുന്നത്.

'അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ അവസാനിപ്പിച്ച് മതിയായ ഫണ്ട് അനുവദിച്ച് പ്രവർത്തനം പുനരാരംഭിക്കണം".

- എം.മധു (പ്രസിഡന്റ് ), ആർ.രാജീവ് (സെക്രട്ടറി)

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ

'മതിയായ ഫണ്ട് അനുവദിച്ചും യോഗ്യതയുള്ള ചെയർമാനെ നിയമിച്ചും ശ്രീനാരായണ ചെയർ പ്രവർത്തനക്ഷമമാക്കണം".

- ഇ.എം.സോമനാഥൻ, പി.ആർ.ഒ

ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര ഉപദേശകസമിതി

Advertisement
Advertisement