ഭാര്യമാരെ കടന്നുപിടിക്കുന്നത് തടഞ്ഞ എജീസ് ഓഫീസ് ജീവനക്കാരെ അക്രമികൾ വെട്ടി

Monday 28 June 2021 10:47 PM IST

പരാതിപ്പെട്ടാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണി

തിരുവനന്തപുരം: നഗരനടുവിൽ ഭാര്യമാരെ കടന്നുപിടിക്കാൻ ശ്രമിച്ചതു തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്‌ച രാത്രി 8.30തോടെ പേട്ട അമ്പലത്തുമുക്കിലായിരുന്നു നാടിനാകെ അപമാനവും നടുക്കവുമുണ്ടാക്കിയ സംഭവം.

എജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റാ എൻട്രി ഓപ്പറേറ്ററും ഉത്തർപ്രദേശ് സ്വദേശിയുമായ ജഗത് സിംഗ് എന്നിവരെയാണ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചത്. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രി 12 മണിയോടെ വീട്ടിലെത്തിയതിനു പിന്നാലെ ആക്രമിസംഘം വീണ്ടുമെത്തി ഇവരെ ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ടുപോയാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്നായിരുന്നു ഭീഷണി. പ്രതികളായ രണ്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല. വഞ്ചിയൂർ സ്റ്റേഷന്റെ ഗുണ്ടാ ലിസ്റ്റിൽ പേരുള്ള പ്രദേശവാസിയായ പ്രതിയെയും ഇയാളുടെ സുഹൃത്തിനേയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസ് ‌നൽകുന്ന സൂചന. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായതിനാൽ സംഭവസമയത്ത് പരിസരത്തെങ്ങും ആരും ഉണ്ടായിരുന്നില്ല.

രവിയാദവും ജഗത് സിംഗും കുടുംബത്തോടൊപ്പം സായാഹ്ന സവാരി കഴിഞ്ഞ് അമ്പലത്തുമുക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിൽ പിന്നാലെയെത്തിയ അക്രമികൾ സ്ത്രീകളെ കടന്നാക്രമിക്കാൻ ശ്രമിച്ചത്. അത് തടഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ പിടിവലിയുണ്ടായി. അതിനിടെ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരുടെയും കൈയിലും കാലിലും കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. സ്ത്രീകൾ നിലവിളിച്ചതോടെ അക്രമികൾ കടന്നുകളഞ്ഞു. അതുവഴിവന്ന പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രാത്രി വെളുക്കുവോളം ഭീതിയോടെ കഴിച്ചുകൂട്ടിയ അന്യസംസ്ഥാന ഉദ്യോഗസ്ഥരും കുടുംബവും രാവിലെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രദേശത്തെ സി.സി.ടി.വി ദൃശൃങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞത്.

''അപമാനിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ഞങ്ങളെ ആക്രമിച്ചത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മുറിവേൽപ്പിച്ചത്. ഞങ്ങളാകെ ഭയപ്പെട്ടുപോയി വീട്ടുകാർ ഇപ്പോഴും ഭീതിയിലാണ്.

-രവി യാദവ്

Advertisement
Advertisement