ആ റെഡ് ആണ് ഓറഞ്ചിന് കയ്പ്പേകിയത്

Monday 28 June 2021 10:47 PM IST

ബുഡാപെസ്റ്റ്: യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഓറഞ്ചുപടയെ അട്ടിമറിക്കാൻ ചെക്ക് റിപ്പബ്ലിക്കിന് കരുത്തേകിയത് ഒരു റെഡ് കാർഡാണ്; 55-ാം മിനിട്ടിൽ ഹോളണ്ട് താരം മത്തീസ് ഡിലൈറ്റ് വാർ പരിശോധനയ്ക്ക് ശേഷം ഏറ്റുവാങ്ങിയ ചുവപ്പുകാർഡ്. ഇതോടെ 10 പേരായി ചുരുങ്ങിയ ഹോളണ്ടിന്റെ നിസഹായാവസ്ഥ മുതലെ‌ടുത്ത് അതിവേഗ ആക്രമണങ്ങൾ സംഘടിപ്പിച്ചാണ് ചെക്ക് മത്സരം പാസായത്.

ആദ്യപകുതിയിൽ മുന്നിട്ടുനിന്നത് ഹോളണ്ടായിരുന്നു. വലകുലുക്കാനായില്ലെന്നുമാത്രം. ഇടയ്ക്കിടെ കൗണ്ടർ അറ്റാക്കുകളിലൂടെ സാന്നിദ്ധ്യമറിയിച്ചിരുന്ന ചെക്കിന് കിട്ടിയ സുവർണാവസരമായിരുന്നു 55-ാം മിനിട്ടിലെ ചുവപ്പുകാർഡ്. പെനാൽറ്റി ബോക്‌സിനടുത്ത് വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ഡിലൈറ്റിന്ആദ്യം റഫറി മഞ്ഞക്കാർഡാണ് നൽകിയത്. എന്നാൽ വാർ പരിശോധിച്ച ശേഷം അത് ചുവപ്പു കാർഡും മാർച്ചിംഗ് ഓർഡറുമാക്കി മാറ്റി.

ഹോൾസിന്റെ ഗോൾ

10 പേരായി ചുരുങ്ങിയ ഡച്ച് നിര മത്സരം കൈവിടുന്ന ലക്ഷണം കാട്ടിയപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ആക്രമണം ശക്തമാക്കി. 68-ാം മിനിറ്റിൽ തോമസ് ഹോൾസിന്റെ ഹെഡറിലൂടെ അവർ മുന്നിലെത്തുകയും ചെയ്തു. ഒരു കോർണറിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്‌സിലേക്കെത്തിയ പന്ത് തോമസ് കലാസ് ഹെഡ് ചെയ്തത് തോമസ് ഹോൾസിന് നൽകിയപ്പോൾ മറ്റൊരു ഹെഡറിലൂടെ പന്ത് വലയ്ക്കകത്ത്.

അടി ഷിക്കേ

ഗ്രൂപ്പ് റൗണ്ടിൽ മികച്ചൊരു ലോംഗ് റേഞ്ചർ ഗോളിലൂടെ വിസ്മയം കുറിച്ചിരുന്ന പാട്രിക്ക് ഷിക്കിന്റേതായിരുന്നു അടുത്ത ഉൗഴം. ഹോൾസിന്റെ മുന്നേറ്റമാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. വൈനാൾഡമിൽ നിന്ന് റാഞ്ചിയ പന്ത് ഹോൾസ് പാട്രിക് ഷിക്കിന് പാസുചെയ്യുകയായിരുന്നു. ഈ യൂറോയിൽ ഷിക്കിന്റെ നാലാം ഗോളായിരുന്നു ഇത്.

Advertisement
Advertisement