വീട്ടുമുറ്റത്തെ "കടലിൽ" വനാമി വിളയിച്ച് ഹാഫിസ്

Monday 28 June 2021 11:46 PM IST

കൊച്ചി: ഓരുവെള്ളത്തിൽ ചെയ്യേണ്ട ചെമ്മീൻകൃഷി വീട്ടുമുറ്റത്തോ എന്ന് ചോദിക്കുന്നവരോട് ആലുവ സ്വദേശി ഹാഫിസ് അബൂബക്കറിന് പറയാനുള്ളത് നൂറുമേനി വിജയത്തിന്റെ കഥ. ആധുനികമായ ബയോഫ്‌ളോക്‌സ് മത്സ്യകൃഷി രീതിക്കൊപ്പം കൃത്രിമമായി സമുദ്രജലം കൂടി ഉണ്ടാക്കിയെടുത്താണ് ഹാഫിസിന്റെ ചെമ്മീൻ കൃഷി.

കടൽവെള്ളം ടാങ്കറുകളിലെത്തിച്ച് ഹാഫിസ് ഉൾപ്പെടെ പലരും നടത്തിയ പരീക്ഷണങ്ങൾക്ക് പരാജയകഥകൾ മാത്രമേയുള്ളൂ. അങ്ങനെയാണ്, കടൽ/ഓരു വെള്ളം കൃത്രിമമായി ഉണ്ടാക്കാൻ ഹാഫിസ് ആലോചിച്ചത്. ഇതിനായി വെള്ളത്തിൽ ചേർക്കാൻ ആവശ്യമായ ധാതുക്കൾ ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്നു. അനുപാതം തെല്ലൊന്ന് തെറ്റിയാൽ കൃഷി പൊളിയും.

60 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന വനാമി ഇനമാണ് ഹാഫിസ് കൃഷി ചെയ്തത്. 20,000ലിറ്റർ വെള്ളം കൊള്ളുന്ന അഞ്ച് സ്‌ക്വയർ മീറ്റർ ടാങ്കിൽ വനാമി കൃഷി ചെയ്യുന്നയാൾക്ക് മൂന്ന് മാസം കൊണ്ട് ചില്ലറ വിൽപനയിലൂടെ 25,000 രൂപ വരെ ലാഭമുണ്ടാക്കാം.

പോണ്ടിച്ചേരിയിലെ ഹാച്ചറിയിൽ നിന്നാണ് പ്രതിരോധ ശേഷി കൂടിയ വനാമി കുഞ്ഞുങ്ങളെ ഹാഫിസ് കൊച്ചിയിലെത്തിക്കുന്നത്. 15 സെന്റ് പുരയിടത്തിൽ 10 ടാങ്കുകളിലാണ് കൃഷി. പരീക്ഷണാടിസ്ഥാനത്തിൽ കരീമീൻ, വറ്റ, കാളാഞ്ചി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

വീട്ടുമുറ്റത്തെ ചെമ്മീൻ കൃഷി പഠിക്കാൻ ഹഫീസിന്റെ വീട്ടിൽ ആളുകളുടെ ക്യൂവാണിപ്പോൾ.

പ്രളയത്തിൽ മത്സ്യകൃഷിയും, രണ്ടേക്കറോളം വരുന്ന പച്ചക്കറി കൃഷിയുമെല്ലാം നശിച്ചപ്പോഴാണ് വെള്ളം കയറാത്ത പ്രദേശത്ത് മത്സ്യകൃഷി നടത്താനുള്ള തീരുമാനത്തിലേക്ക് മാറിയത്. അങ്ങനെയാണ് ബയോഫ്‌ളോക്‌സ് കൃഷി രീതിയിലേക്കും അവിടെ നിന്ന് സമുദ്രജല മത്സ്യകൃഷിയിലേക്കും എത്തുന്നത്.

- ഹാഫിസ് അബൂബക്കർ

100 കിലോ

അഞ്ച് സ്‌ക്വയർ മീറ്റർ ടാങ്കിൽ നിന്ന് വനാമി ചെമ്മീൻ

സർക്കാർസഹായം
കേന്ദ്ര സഹായം: 7 ടാങ്കിന്റെ 7.5 ലക്ഷം രൂപയുടെ പദ്ധതിക്ക് 50 ശതമാനം വരെ
സംസ്ഥാന സഹായം: ഒന്നര ലക്ഷം രൂപയുടെ പദ്ധതിക്ക് 50 ശതമാനം വരെ.

വിവരങ്ങൾക്ക് -9809550550

Advertisement
Advertisement