ഇളവിലും കടാക്ഷിക്കാതെ ഭാഗ്യദേവത

Wednesday 30 June 2021 12:00 AM IST

അഗളി: ലോക്ക് ഡൗണിൽ ഇളവ് നൽകിയിട്ടും പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ലോട്ടറി വിൽപന. വിൽപന പുനരാരംഭിച്ച ശേഷമുള്ള ആദ്യ രണ്ട് നറുക്കെടുപ്പിന്റെ ലോട്ടറികൾ പൂർണമായി വിറ്റുപോയില്ല. 25ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ പത്തുലക്ഷം ടിക്കറ്റുകളും ഇന്നലെ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 12 ലക്ഷം ടിക്കറ്റുകളുമാണ് ബാക്കിയായത്.

കഴിഞ്ഞ മെയ് 8ന് ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ നിർത്തിവച്ച ലോട്ടറി നറുക്കെടുപ്പ് 25നാണ് പുനരാരംഭിച്ചത്. മാറ്റിവച്ച സ്ത്രീശക്തി ലോട്ടറിയാണ് ആദ്യം നറുക്കെടുത്തത്. 88,20,000 ടിക്കറ്റുകൾ അച്ചടിച്ചതിൽ 77,74,525 ടിക്കറ്റുകളേ വിറ്റുപോയുള്ളു. 10,45,475 ടിക്കറ്റുകൾ അവശേഷിച്ചു. സാധാരണഗതിയിൽ അച്ചടിച്ച ടിക്കറ്റ് മുഴുവൻ വിറ്റുപോകുമായിരുന്നു. ഇന്നലെ നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 88,20,000 ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മുന്നേ വരെ വിറ്റത് 75,48,550 ടിക്കറ്റുകൾ മാത്രം. 12,71,450 ടിക്കറ്റുകൾ ഇനിയും അവശേഷിക്കുന്നു. വിൽപന കുറഞ്ഞതോടെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്.

രോഗവ്യാപന തോത് അനുസരിച്ച് മേഖലതിരിച്ച് ഇപ്പോഴും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ് ലോട്ടറി വില്പനയ്ക്ക് തിരിച്ചടിയായത്. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചാൽ ലോട്ടറി മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. ലോക്ക് ഡൗൺ കാലത്ത് 33 ലോട്ടറികൾ റദ്ദാക്കിയിരുന്നു. ഈയിനത്തിൽ 118 കോടിയുടെ വരുമാനമാണ് സർക്കാരിന് നഷ്ടമായത്.

സുമനസുകളുടെ സഹായംതേടി വീരാസ്വാമി

ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ച് കുടുംബം പോറ്റാൻ പാടുപെടുന്ന അട്ടപ്പാടി പാടവയൽ സ്വദേശി വീരാസ്വാമിയെ ലോക്ക് ഡൗൺ അക്ഷരാർത്ഥത്തിൽ ലോക്കാക്കി. 49കാരനായ വീരാസ്വാമി രണ്ടുപതിറ്റാണ്ടായി ലോട്ടറി വിറ്റാണ് കുടുംബം പോറ്റുന്നത്. കൊവിഡ് പ്രതിസന്ധിയിൽ വിൽപ്പന കുറഞ്ഞതോടെ വരുമാനം ഗണ്യമായി കുറഞ്ഞു. ലോക്ക് ഡൗണിന് മുമ്പ് പ്രതിദിനം 400 രൂപ വരുമാനം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ നൂറുരൂപപോലും കിട്ടുന്നില്ല. ഭാര്യയും ശാരീരിക,​ മാനസിക വെല്ലുവിളി നേരിടുന്ന മകനും ഉൾപ്പെടുന്ന വീരാസ്വാമിയുടെ കുടുംബം നിലവിൽ അരപട്ടിണിയിലാണ്. സർക്കാരിന്റെ കിറ്റും റേഷനുമാണ് ആകെയുള്ള ആശ്വാസം.

നാലുവർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അംഗപരിമിതർക്ക് മുച്ചക്ര വാഹനം നൽകിയിരുന്നു. ഒന്നരവർഷം മുമ്പ് വാഹനം തകരാറിലായി. ഇതോടെ ദൂരെ യാത്രചെയ്ത് ലോട്ടറി വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടാപ്പാടു പെടുന്നതിനിടെ എങ്ങിനെ വാഹനം നന്നാക്കുമെന്നാണ് വീരാസ്വാമി ചോദിക്കുന്നത്. അഗളി പഞ്ചായത്തിലെ ചിണ്ടക്കി, മുക്കാലി, കൽക്കണ്ടി, താവളം സ്ഥലങ്ങളിലും മഞ്ചിക്കണ്ടി, പുതൂർ എന്നിവിടങ്ങളിലുമായി പതിനഞ്ചുകിലോമീറ്റർ വരെ കാൽനടയായി സഞ്ചരിച്ചാണ് നിലവിൽ ലോട്ടറി വിൽക്കുന്നത്. ജനപ്രതിനിധികളോ സന്നദ്ധ സംഘടനകളോ ഇടപെട്ട് വാഹനം നന്നാക്കാൻ സഹായിക്കണമെന്നാണ് വീരാസ്വാമിയുടെ ആഭ്യർത്ഥന.

Advertisement
Advertisement