ഗോള്,ഗോള് ; ഗോളേയ്...

Tuesday 29 June 2021 11:27 PM IST

തിങ്കളാഴ്ച രാത്രി യൂറോകപ്പ് ഫുട്ബാളിൽ ഗോളുത്സവമായിരുന്നു. രണ്ട് പ്രീ ക്വാർട്ടർ പോരാട്ടങ്ങളിൽ നിന്ന് മാത്രം പിറന്നത് 14 ഗോളുകൾ. ഷൂട്ടൗട്ടിൽ വലതുളച്ച മറ്റൊരു ഒൻപത് കിക്കുകൾ.യൂറോ കപ്പിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ടൂർണമെന്റായി യൂറോ 2020 മാറിയ രാത്രി അട്ടിമറികളുടേത് കൂടിയായിരുന്നു.കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യൻന്മാരും റണ്ണർ അപ്പുകളുമാണ് നിശ്ചിത സമയത്ത് ഒതുങ്ങാത്ത പ്രീ ക്വാർട്ടറുകളിൽ പത്തി മടക്കിയത്.

അവി സ്വിസ് നീയം

ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സ്വിറ്റ്സർലാൻഡ്

നിശ്ചിത സമയത്തും അധികസമയത്തും 3-3ന് സമനില,ഷൂട്ടൗട്ടിൽ സ്വിസ് വിജയം 5-4ന്

പെനാൽറ്റി പാഴാക്കിയത് ഫ്രഞ്ച് യുവ സൂപ്പർതാരം കിലിയൻ എംബാപ്പെ

ബുക്കാറസ്റ്റ് : ഈ ടൂർണമെന്റിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ അട്ടിമറിച്ച് സ്വിറ്റ്സർലാൻഡ് ചരിത്രത്തിലാദ്യമായി യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. നിശ്ചിത സമയത്ത് 3-3ന് സമനിലയിൽ പിരിഞ്ഞ മത്സരം അധികസമയത്തേക്ക് നീട്ടിയിട്ടും നിലമാറ്റമില്ലാതെ വന്നതോടെയാണ് ഷൂട്ടൗട്ടിന് വഴിയൊരുങ്ങിയത്. ഒട്ടും സാദ്ധ്യത കൽപ്പിക്കാതിരുന്ന സ്വിറ്റ്സർലാൻഡിന് വേണ്ടി കിക്കെടുത്ത എല്ലാവരും വലകുലുക്കിയപ്പോൾ ഫ്രാൻസിന് വേണ്ടി അവസാന കിക്കെടുത്ത കഴിഞ്ഞ ലോകകപ്പിലെ സൂപ്പർ ഹീറോ കിലിയൻ എംബാപ്പെയ്ക്ക് മാത്രം പിഴച്ചു, കിരീടപ്രതീക്ഷയുമായി വന്ന ഫ്രഞ്ചുപടയുടെ നെഞ്ചുതകർന്നു.കഴിഞ്ഞ യൂറോയിലെ ഫൈനലിസ്റ്റുകൾ ഇത്തവണ ക്വാർട്ടർ കാണാതെ മടങ്ങി.

മത്സരത്തിലെ ആദ്യ ഗോളുനേടി ഫ്രാൻസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് തുടക്കത്തിലേ സ്വിസ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഫ്രാൻസിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കിട്ടിയ പെനാൽറ്റി സ്വിസ് പാഴാക്കിയിരുന്നു. ഫ്രഞ്ച് നായകൻ കൂടിയായ ഗോളി ഹ്യൂഗോ ലോറിസിന്റെ സുന്ദരമായ സേവാണ് റോഡ്രിഗസിന്റെ വഴിമുടക്കിയത്. പിന്നാലെ രണ്ടുമിനിട്ടുകളുടെ ഇടവേളയ്ക്കിടയിൽ രണ്ടുഗോളുകളടിച്ച് കരിം ബെൻസേമ ഫ്രാൻസിനെ മുന്നിലെത്തിച്ചു. അൽപ്പസമയത്തിനകം തന്റെ ബുള്ളറ്റ് ഷോട്ടിലൂടെ പോൾ പോഗ്ബ ലീഡ് 3-1 ആയി വർദ്ധിപ്പിച്ചെങ്കിലും അൽപ്പം മുമ്പ് ക്രൊയേഷ്യ സ്പെയ്നിന് എതിരെ പുറത്തെടുത്തപോലൊരു സമനില പിടിക്കൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.ആദ്യ ഗോളടിച്ച സെഫറോവിച്ച് വീണ്ടും ഗോളടിച്ചപ്പോൾ കളി അവസാനിക്കും മുമ്പ് ഗവ്രാനോവിച്ച് സമനില പിടിച്ചെടുക്കുകയതന്നെ ചെയ്തു. അധികസമയത്ത് ചലിക്കാതിരുന്ന സ്കോർ ലൈൻ ഷൂട്ടൗട്ട് അനിവാര്യമാക്കി. ലോറിസിന് ഒരു സ്വിസ് ഷോട്ടുപോലും തടുക്കാൻ കഴിയാതെ പോയപ്പോൾ സ്വിസ് ഗോളി എംബാപ്പെയുടെ തന്നെ ഷോട്ട് തടുത്തിട്ട് സ്വപ്നതുല്യ ക്വാർട്ടർ പ്രവേശനമൊരുക്കി.

എട്ടടിവീര്യം

8 ഗോളുകളാണ് സ്പെയ്ൻ- ക്രൊയേഷ്യ പ്രീ ക്വാർട്ടറിൽ പിറന്നത്. അഞ്ചെണ്ണം സ്പെയ്നിന്റെ വക. മൂന്നെണ്ണം ക്രൊയേഷ്യക്കാരുടേത്.

യൂറോകപ്പിൽ ഏറ്റവും അധികം ഗോളുകൾ പിറക്കുന്ന രണ്ടാമത്തെ മത്സരം.

സ്പെയ്ൻ അഞ്ചുഗോളടിക്കുന്ന തുടർച്ചയായ രണ്ടാം മത്സരം

കോപ്പൻ ഹേഗൻ : അടിയും തിരിച്ചടിയുമായി എട്ടുഗോളുകളുടെ ആവേശം വിതറി അധി​കസമയത്തേക്ക് കടന്ന മത്സരത്തിൽ 5-3ന് ക്രൊയേഷ്യയെ കീഴടക്കിയ സ്പെയ്ൻ യൂറോ കപ്പിന്റെ ക്വാർട്ടറിലേക്കെത്തി.

തുടക്കത്തിൽ ഗോളിയുടെ മണ്ടത്തരം കൊണ്ട് സ്പെയ്ൻ ഒരു സെൽഫ് ഗോൾ വഴങ്ങി. എന്നാൽ എണ്ണം പറഞ്ഞ മൂന്നെണ്ണം തിരിച്ചടിച്ച് വിജയം ഉറപ്പിച്ചിരുന്ന സ്പെയ്നിനെ ഞെട്ടിച്ച് നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടുഗോളുകൾ നേടി ക്രൊയേഷ്യ കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടുഗോളുകൾ കൂടി സ്പെയ്ൻ നേടിയത്.

Advertisement
Advertisement