യുട്യൂബർക്കൊപ്പം ഇടമലക്കുടിയിലെത്തി, ഡീൻ കുര്യാക്കോസിന്റെ നടപടി വിവാദത്തിൽ

Wednesday 30 June 2021 12:00 AM IST

മൂന്നാർ: സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യാത്ത ഏക പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പ്രശസ്‌ത യുട്യൂബർ സുജിത് ഭക്തനെ കൊണ്ടുപോയ ഡീൻ കുര്യാക്കോസ് എം.പിയുടെ നടപടി വിവാദത്തിൽ. സംരക്ഷിത വനമേഖലയിലാണ് ഇടമലക്കുടിയുള്ളത്. സംഭവത്തിൽ വനംവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. ലോക്ക് ഡൗൺ ദിനമായ ഞായറാഴ്‌ചയാണ് പുറത്ത് നിന്നുള്ളവർ ഇടമലക്കുടിയിലെത്തിയത്.

ഇടമലക്കുടി ട്രൈബൽ ഗവ. സ്‌കൂളിന്റെ നവീകരണോദ്ഘാടനത്തിനാണ് എം.പിയും സംഘവും പോയത്. സ്‌കൂളിന് ടി.വിയുൾപ്പെടെയുള്ള വിദ്യാഭ്യാസ സഹായം നൽകാനാണ് സുജിത് സംഘത്തിനൊപ്പമെത്തിയത്. ഇയാൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഇരുവർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും പരാതി നൽകി.

മൂന്നാർ ഡി.എഫ്.ഒ എം.പിയ്‌ക്ക് നൽകിയ അനുമതിയുടെ മറവിൽ സുജിത് സംരക്ഷിത വനമേഖലയിൽ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈ.എസ്.പി അന്വേഷണമാരംഭിച്ചു. മൂന്നാർ ഡി.എഫ്.ഒയുടെ നിർദ്ദേശപ്രകാരം റേഞ്ച് ഓഫീസർ സംരക്ഷിത വനമേഖലയിൽ സുജിത് കയറിയത് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.

 കൊവിഡ് എത്താത്ത പഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെയും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൊവിഡ് തുടങ്ങിയപ്പോൾ തന്നെ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കാതെ കർശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് സ്വീകരിച്ചത്.

'കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടമലക്കുടിയിലെത്തിയതിന് ഇരുവർക്കുമെതിരെ കേസെടുക്കണം. സംരക്ഷിത വനമേഖലയിൽ അനുമതിയില്ലാതെ പ്രവേശിച്ച് ചിത്രീകരണം നടത്തിയതിന് യുട്യൂബർക്കെതിരെയും കേസെടുക്കണം. പറ്റിയ തെറ്റ് സമ്മതിക്കാതെ പരാതി ഉന്നയിച്ചവരെ എം.പി ആക്ഷേപിക്കുകയാണ്".

- കെ.കെ. ജയചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി

'ഇടമലക്കുടിയിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് ഞാൻ വിളിച്ചിട്ടാണ് സുജിത്ത് ഭക്തൻ എത്തിയത്. ജനപ്രതിനിധിയെന്ന നിലയിൽ ആരെ ഒപ്പം കൊണ്ടുപോകണമെന്ന് എനിക്ക് തീരുമാനിക്കാം. വനംവകുപ്പിന്റെ അനുമതി വേണ്ട. കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. കൊവിഡ് മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടില്ല. സ്‌കൂളിലെ ചടങ്ങും ഇടമലക്കുടിയിലേക്കുള്ള യാത്രയും മാത്രമാണ് ചിത്രീകരിച്ചത്".

- ഡീൻ കുര്യാക്കോസ് എം.പി

Advertisement
Advertisement