സംസ്ഥാന പദ്ധതി കേന്ദ്രം ഏറ്റെടുത്തു,​ കൊച്ചിയിൽ നിന്ന് ബേപ്പൂർ, അഴീക്കൽ ഹരിത ഇടനാഴി

Thursday 01 July 2021 2:31 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തിയിരുന്ന ചരക്ക് ഇടനാഴി പദ്ധതി കേന്ദ്ര സർക്കാർ ഏറ്രെടുത്തു. ഹരിത ചരക്ക് ഇടനാഴി - 2 പദ്ധതിയുടെ കന്നിയാത്രയുടെ ലോഡിംഗ് നടപടികൾ കേന്ദ്ര സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. കൊച്ചി തുറമുഖത്തു നിന്ന് ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിലേക്കാണ് കപ്പലിൽ ചരക്ക് കൊണ്ടുപോകുക. തുടർന്ന് കൊല്ലത്തേക്കും സേവനം നീട്ടും.

2018-19ൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ഇതിന് ഉപയോഗിച്ചിരുന്നത് ഗ്രേറ്ര് സീ എന്ന ചെറിയ കപ്പലാണ്. ഒരു കിലോമീറ്ററിന് ടണ്ണിന് ഒരു രൂപ സംസ്ഥാന സർക്കാർ ആദ്യം സബ്സിഡി നൽകിയിരുന്നു. സംസ്ഥാന മാരിടൈം ബോർ‌ഡ് സബ്സിഡിയെ അനുകൂലിച്ചിരുന്നില്ല. റിട്ടേൺ ട്രിപ്പിൽ ഓർഡർ കിട്ടാത്തതിനാൽ ഗ്രേറ്റ് സീ സർവീസ് നിറുത്തി. തുടർന്നാണ് കേന്ദ്ര സർക്കാർ ഇത് ഏറ്രെടുത്തത്. കൊച്ചി തുറമുഖം കേന്ദ്രത്തിന്റേതായതിനാൽ എളുപ്പവുമായി.

ഇന്നലത്തെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ, ബേപ്പൂരിൽ ഒരുക്കുന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും ബേപ്പൂർ എം.എൽ.എ കൂടിയായ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും സംബന്ധിക്കും. വൈകിട്ട് ബേപ്പൂരിൽ എത്തുന്ന കപ്പലിൽ നിന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നാളെ രാവിലെ ചരക്കുകൾ ഇറക്കും. കോഴിക്കോട് സി.കെ ഗ്ളോബൽ ട്രേഡേഴ്സിന്റെ ടയറുകളാണ് ആദ്യം ഇറക്കുക. തുടർന്ന് കപ്പലിന് അഴീക്കലിലേക്ക് യാത്രയയപ്പ് നൽകും.ചരക്ക് കപ്പൽ വീണ്ടും ബേപ്പൂരിൽ എത്തുന്നതിൽ തൊഴിലാളികൾ വലിയ ഉത്സാഹത്തിലാണ്.

മുംബയിലെ ജെ.എം. ബക്സി കമ്പനിയാണ് കപ്പൽ സർവീസ് നടത്തുന്നത്. റിവർ, സീ യാനങ്ങൾക്ക് തുറമുഖത്തിൽ 50 ശതമാനം വരെ ചാർജ്ജ് ഇളവ് നൽകും. സംസ്ഥാന സർക്കാരിന്റെ പത്ത് ശതമാനം ഇൻസെന്റീവുമുണ്ട്. ആഴ്ചയിൽ രണ്ടു തവണയാണ് ചരക്ക് കപ്പൽ സർവീസ് നടത്തുക.

Advertisement
Advertisement