നിർബന്ധിത മതപരിവർത്തനം: ഭാര്യയെയും മകനെയും വിട്ടുകിട്ടാൻ ഹർജി

Thursday 01 July 2021 1:36 AM IST

കൊച്ചി:ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗിൽബർട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോടു വിശദീകരണം തേടി. ഹർജി ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കും.

ഭാര്യ ഷൈനി, മകൻ ആകാശ് ( 13 ) എന്നിവരെ ഇസ്ളാം വിശ്വാസികളായ അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ളാം സഭയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലത്രേ.

കണ്ണൂർ ഇരിട്ടി സ്വദേശിയായ ഗിൽബർട്ട് തേഞ്ഞിപ്പലത്ത് വാടകയ്ക്കാണ് താമസം. ടാക്സി ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. അയൽക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവർ ചേർന്നാണ് ഭാര്യയെയും മകളെയും കടത്തിയത്. ഇസ്ളാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും നൽകാമെന്ന ഇവരുടെ വാഗ്ദാനം താൻ നിഷേധിച്ചിരുന്നു. ജൂൺ ഒമ്പതിന് താൻ ജോലിക്കു പോയപ്പോൾ ഇവർ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ളാം സഭയിലുണ്ടെന്ന് കണ്ടെത്തി. അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മതപരിവർത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവർത്തനം ചെയ്തവരെ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഐസിസിന്റെ സ്ളീപ്പിംഗ് സെല്ലുകളുണ്ടെന്ന് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണമെന്നും നിർബന്ധിത മതപരിവർത്തനം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Advertisement
Advertisement