തെങ്കര ഭൂമിതട്ടിപ്പ്: മുൻ വാർഡ് മെമ്പർ അറസ്റ്റിൽ

Thursday 01 July 2021 12:28 AM IST

 പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ

മണ്ണാർക്കാട്: ഒരേ സ്ഥലത്തിന് ഒന്നിലധികം ആധാരമുണ്ടാക്കി പലർക്കായി വിറ്റ് തട്ടിപ്പ് നടത്തിയ മുൻ വാർഡ് മെമ്പർ അറസ്റ്റിൽ. കോൽപ്പാടം കുരിക്കണ്ടത്തിൽ രാധാകൃഷ്ണൻ (61) നെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തെങ്കര പഞ്ചാത്തിലെ കൊറ്റിയോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് സർക്കാർ സഹായത്തോടെ സ്ഥലം വാങ്ങിയതിലാണ് വലിയതട്ടിപ്പ് നടന്നിട്ടുള്ളത്. കോളനികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ മണ്ണാർക്കാട് റൂറൽ ബാങ്ക് അധികൃതരാണ് ഭൂമിയുടെ പേരിൽ നടന്ന കബളിപ്പിക്കൽ പുറംലോകത്തെത്തിച്ചത്. വിഷയം മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് ജൂൺ 18ന് സ്ഥലം സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


 കൊറ്റിയോട് നടന്നത് വൻ മാഫിയ ഇടപാടെന്ന് പി.കെ.ശശി

മണ്ണാർക്കാട്: തെങ്കര കൊറ്റിയോട് 40ഓളം പട്ടികജാതി കുടുംബങ്ങൾക്ക് വീട് വെക്കാൻ സർക്കാർ ധനസഹായത്തോടെ ഭൂമി വാങ്ങിയതിൽ വൻ ഭൂമാഫിയ ഇടപാടാണ് നടന്നിട്ടുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശി പറഞ്ഞു. കോളനിവാസികളെ വഞ്ചിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊറ്റിയോട് വിഷയത്തിൽ പൊലീസിന് വീഴ്ചപറ്റി. കോളനിക്കാരുടെ മൊഴിയെടുത്ത പൊലീസ് കേസ് കാര്യക്ഷമമായ അന്വേഷിക്കണമായിരുന്നു. പക്ഷേ, അതുണ്ടായിട്ടില്ല. ഇക്കാര്യം വകുപ്പ് മന്ത്രിയെ അറിയിക്കുമെന്നും പി.കെ.ശശി പറഞ്ഞു.

 അന്വേഷണത്തിൽ വീഴ്ചയില്ലെന്ന്

തെങ്കര ഭൂമിയിടപാട് കേസിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ഭൂമിതട്ടിപ്പു പോലുള്ള കേസുകൾ അന്വേഷിക്കുമ്പോൾ ഉണ്ടാകുന്ന നടപടിക്രമങ്ങൾ പാലിച്ചുമാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. തട്ടിപ്പിന് പിന്നിലുള്ള മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരും.
ഇ.സുനിൽകുമാർ

ഡിവൈ.എസ്.പി, മണ്ണാർക്കാട്

Advertisement
Advertisement