വിരമിക്കുന്നുവെന്നേയുള്ളൂ,നുജുമുദ്ദീൻ കായികരംഗത്തുതന്നെ കാണും

Wednesday 30 June 2021 11:40 PM IST

തിരുവനന്തപുരം : "ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നുവെന്നേയുള്ളൂ, ഇനിയുള്ള കാലവും കായിക രംഗത്തുതന്നെ പ്രവർത്തനം തുടരാനാണ് ആഗ്രഹം."- പറയുന്നത് പ്രമുഖ കബഡി-ഖൊഖോ കോച്ചും സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മുൻ അഡീഷണൽ ഡയറക്ടറുമായ എസ്. നുജുമുദ്ദീനാണ്. 34വർഷത്തെ സേവനത്തിന് ശേഷം കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നാഷണൽ സെന്റർ ഒഫ് എക്സലൻസ് ഇൻചാർജായി ഇന്നലെയാണ് ഇദ്ദേഹം വിരമിച്ചത്.

ദേശീയതലത്തിൽ 14 തവണ ഖോഖോയിലും അഞ്ചുതവണ കബഡിയിലും ഒരു തവണ ഹാൻഡ്ബാളിലും കേരളത്തെ പ്രതിനിധീകരിച്ച കായികതാരമായിരുന്നു നുജുമുദ്ദീൻ. പിന്നീട് പരിശീലകനായിരിക്കേ കായിക ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡംഗമായും ടെക്നിക്കൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. 2015ദേശീയ ഗെയിംസിന്റെ സംഘാടക സമിതി ജോയിന്റ് ജനറൽ കൺവീനറും ദീപശിഖാറാലിയുടെ ചുമതലക്കാരനും ഗെയിംസിൽ മത്സരിച്ച കേരള ടീമിന്റെ ചെഫ് ഡി മിഷനും ഇദ്ദേഹമായിരുന്നു.

യൂത്ത് അഫയേഴ്സ് ഡയറക്ടറായിരിക്കേ സ്കൂൾ കുട്ടികളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷപെടുത്താനുള്ള നീന്തൽ പരിശീലന പദ്ധതിയായ സ്വിം ഇൻ സർവൈവിന് രൂപം നൽകി.ആർട്ടിഫിഷ്യൽ ഹൈ ആൾറ്റിറ്റ്യൂട് സെന്റർ, പ്ളേ എ ഗെയിം,പ്ളേ ഫോർ ഫൺ പദ്ധതിയുടെയും പിന്നിൽ പ്രവർത്തിച്ചു.അഞ്ച് ദേശീയ സിവിൽ സർവീസ് ഗെയിംസുകളുടെ മുഖ്യ സംഘാടനായിരുന്നു. പ്രമുഖ കായിക സംഘടനയായ ദേശീയ കായികവേദിയുടെ സംസ്ഥാന നേതാവുമാണ്. പ്രാചീനകായിക വിനോദങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും അദ്ധ്യാപികയുമായ തനുജാ ബീഗമാണ് ഭാര്യ.ദേശീയ ഗെയിംസ് മെഡൽ ജേതാവായ ഖോഖോ താരം മുഫ്തിയും ദേശീയ മെഡൽ ജേതാവായ ടെന്നിക്കോയ്റ്റ് താരം മുഫ്തഖും മക്കൾ.മരുമകൾ : ഷബ്ന.

Advertisement
Advertisement