മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ :കാലാവധി നീട്ടി

Thursday 01 July 2021 12:42 AM IST

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്.ബി.ഐ, എച്ച്.ഡി.എഫ്‌.സി ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്തംബർ 30വരെ നീട്ടിയത്. കൊവിഡ് വ്യാപനവും അടിക്കടി പലിശ കുറയുന്നതും മുതിർന്ന പൗരന്മാരെ ബാധിച്ചപ്പോഴായിരുന്നു കൂടുതൽ പലിശ വാഗ്ദാനംചെയ്ത് പ്രത്യേക നിക്ഷേപ പദ്ധതി ബാങ്കുകൾ അവതരിപ്പിച്ചത്.

അധികമായി 0.30ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനംചെയ്തത്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 0.5ശതമാനം പലിശക്കുപുറമെയാണിത്. കാൽശതമാനം അധിക പലിശയാണ് പദ്ധതിയിൽ എച്ച്.ഡി.എഫ്‌.സി ബാങ്ക് നൽകുന്നത്.

അതായത് പൊതുജനങ്ങളേക്കാൾ മുതിർന്ന പൗരന്മാർക്ക് മുക്കാൽശതമാനം അധിക പലിശയാണ് ലഭിക്കുക. ഇതുപ്രകാമുള്ള പലിശ 6.25ശതമാനമാണ്. അഞ്ചുവർഷം മുതൽ പത്തുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നൽകുന്നത്.ബാങ്ക് ഒഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് ഒരുശതമാനം അധിക പലിശയാണ് വാഗ്ദാനംചെയ്തിട്ടുള്ളത്. ഇതുപ്രകാരം അഞ്ചുവർഷത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപത്തിന് 6.25ശതമാനം പലിശ ലഭിക്കും.

Advertisement
Advertisement