ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിൻ, തുടക്കം വയനാട്ടിൽ

Thursday 01 July 2021 3:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടത്തി ഘട്ടംഘട്ടമായി സഞ്ചാരികൾക്കായി തുറക്കാൻ തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പ്രത്യക്ഷമായോ പരോക്ഷമായോ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വാക്‌സിൻ നൽകും. ആദ്യഘട്ടത്തിൽ വയനാട് വൈത്തിരി, മേപ്പാടി മേഖലകളിലാണ് വാക്സിൻ നൽകുകയെന്ന് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വീണ ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴ് ദിവസം കൊണ്ട് ഈ രണ്ടിടങ്ങളും വാക്‌സിൻ വിതരണം നടത്തി തുറക്കും. ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസും അല്ലാത്തവർക്ക് ആദ്യ ഡോസുമാണ് നൽകുക.

എല്ലാ ജില്ലകളിലും രണ്ട് വിനോദകേന്ദ്രങ്ങളിൽ വീതം വാക്‌സിൻ സമ്പൂർണമായി നൽകും. രണ്ടാംഘട്ടത്തിൽ മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല എന്നിവിടങ്ങളിൽ നൽകും. രാജ്യത്ത് ആദ്യമായാണ് ടൂറിസം മേഖലക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കുന്നത്. ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് 15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കൊവിഡ് ഈ മേഖലയിൽ കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്. 34000 കോടിയാണ് കഴിഞ്ഞ വർഷത്തെ നഷ്ടം. 2019 ൽ 45000 കോടിയുടെ വരുമാനം കിട്ടിയിരുന്നു.

Advertisement
Advertisement