ഓർമ്മയിലും ബുദ്ധിശക്തിയിലും വിസ്മയമായി സാഹിത്യ; രണ്ടര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്സ് അംഗീകാരം

Friday 02 July 2021 12:00 AM IST

  • രണ്ടര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

ചിറ്റൂർ: ഓർമ്മശക്തിയിലും ബുദ്ധിശക്തിയിലും വിസ്മയമായ സാഹിത്യ മഹേഷ് എന്ന നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ രണ്ടര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. 50ഓളം രാജ്യങ്ങളുടെയും തലസ്ഥാനത്തിന്റെയും പേര് സാഹിത്യക്ക് കാണാപ്പാഠമാണ്. പതാകയുടെ സഹായത്തോടെയാണ് രാജ്യങ്ങളെ തിരിച്ചറിയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പേരുകളും ഗ്രഹങ്ങൾ, ഭൂഗണ്ഡങ്ങൾ എന്നിവയും കൃത്യമായി പറഞ്ഞും.

ഒന്നേമുക്കാൽ വയസുള്ളപ്പോഴാണ് കുട്ടിക്ക് അപൂർവ കഴിവുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. രക്ഷിതാക്കൾ സംസാരിക്കുമ്പോൾ പരാമർശിക്കുന്ന സ്ഥലം, കട, ഷോപ്പിംഗ് മാൾ എന്നിവയുടെ പേരുകൾ അടുത്ത ദിവസങ്ങളിൽ കൃത്യമായി ഈ പേരുകൾ ഓർമ്മിച്ച് പറയും. ഇത് ശ്രദ്ധയിൽപ്പെട്ടാണ് കുട്ടിയുടെ കഴിവ് എല്ലാവരും മനസിലാക്കിയത്. പിന്നീട് 500ഓളം ഇംഗ്ലീഷ് വാക്കുകളും ചിത്രങ്ങളും അടങ്ങുന്ന പുസ്തകം വാങ്ങി നൽകി. പുസ്തകത്തിലെ മുഴുവൻ വാക്കുകളും വേഗം ഹൃദ്യസ്ഥമാക്കി ഏവരേയും അത്ഭുതപ്പെടുത്തിയാണ് സാഹിത്യ മഹേഷ് പുരസ്‌കാരത്തിന് അർഹയായത്.

ഇപ്പോൾ പല ആകൃതികളും ചിത്രങ്ങളും വരയ്ക്കുകയും പാട്ടുകൾ പെട്ടെന്നുപഠിക്കുകയും ചെയ്യുന്നു. വീട്ടിൽ തമിഴ് സംസാരിക്കുന്നതിനാൽ തമിഴ് പാട്ടിനോടാണ് കൂടുതൽ താല്പര്യം. മലയാളവും വഴങ്ങും. അച്ഛൻ മഹേഷ് ബാഗ്ലൂരിൽ ഐ.ടി ഉദ്യോഗസ്ഥനാണ്. അമ്മ നിഷാന്തി പാലക്കാട് പോളിടെക്നിക്ക് ഗസ്റ്റ് ലക്ചററാണ്. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം ശാന്തിനികേതനിൽ റിട്ട. പ്രധാനാദ്ധ്യാപകൻ ഗണപതിയുടെയും മോഹനകുമാരിയുടെയും പേരമകളാണ് സാഹിത്യ.

Advertisement
Advertisement