സ്വർണക്വട്ടേഷൻ : ചോദ്യംചെയ്യൽ തുടരുന്നു

Friday 02 July 2021 12:00 AM IST

കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെഫീക്ക്, അർജുൻ ആയങ്കി എന്നിവരെ കസ്റ്റംസ് ചോദ്യംചെയ്യുന്നത് തുടരുന്നു. കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്താൻ അർജുൻ ആയങ്കി തയ്യാറായിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട ഇരുവരെയും ബുധനാഴ്ച മുതൽ ചോദ്യം ചെയ്യുകയാണ്. ദുബായിൽ നിന്ന് സ്വർണവുമായി വന്ന് പിടിയിലായ മുഹമ്മദ് ഷെഫീക്ക് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുണ്ട്. അർജുന്റെ അറിവോടെയാണ് സ്വർണം കൊണ്ടുവന്നതെന്നാണ് മുഹമ്മദ് പറയുന്നത്.

തനിക്ക് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന വാദമാണ് അർജുൻ ആവർത്തിക്കുന്നത്. ഇത് മുഖവിലയ്ക്കെടുക്കാൻ കസ്റ്റംസ് തയ്യാറായിട്ടില്ല. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തു. ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചശേഷമാണ് അർജുൻ കസ്റ്റംസിന് മുമ്പിൽ കീഴടങ്ങിയത്. തെളിവുകൾ നശിപ്പിക്കാൻ മനഃപൂർവം ശ്രമിച്ചതാണെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. ഫോണിൽ സ്വർണക്കടത്ത് സംഘങ്ങളുമായി നടത്തിയ കോളുകളുടെയും ചാറ്റുകളുടെയും വിവരങ്ങളുണ്ടെന്നാണ് നിഗമനം. മൊബൈൽ കമ്പനികളിൽ നിന്ന് ഇവ ശേഖരിക്കാനും ഫോണിൽനിന്ന് വിളിച്ചവരെയും ലഭിച്ച കോളുകളുടെയും വിവരങ്ങൾ കണ്ടെത്താനും നടപടി ആരംഭിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

Advertisement
Advertisement