നയതന്ത്ര സ്വർണക്കടത്തിൽ ഇ.ഡിക്കെതിരെ ജുഡിഷ്യൽ കമ്മിഷൻ, സമാന്തര അന്വേഷണമെന്ന് ഇ.ഡി, ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ

Friday 02 July 2021 12:00 AM IST

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ അന്വേഷണ സംഘങ്ങൾക്കെതിരെ പ്രതികളുന്നയിച്ച ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചത് സമാന്തര അന്വേഷണമാണെന്ന് ഹൈക്കോടതിയിൽ ഇ.ഡി വ്യക്തമാക്കി. കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു വകുപ്പുമാത്രമായ ഇ.ഡിക്ക് സംസ്ഥാന സർക്കാരിനെതിരെ ഹർജി നൽകാൻ നിയമപരമായി കഴിയില്ലെന്ന് സംസ്ഥാന സർക്കാരും വാദിച്ചു.

കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ ജുഡിഷ്യൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരെ ഇ.ഡി നൽകിയ ഹർജി, ഇതേത്തുടർന്ന് നിയമപരമായി നിലനിൽക്കുമോയെന്ന് പരിശോധിച്ച് ഇടക്കാല ഉത്തരവ് നൽകാൻ മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറാണ് ഹർജി പരിഗണിക്കുന്നത്.

ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ എതിർ കക്ഷിയാക്കിയതിനെ സംസ്ഥാന സർക്കാർ എതിർത്തു. എന്നാൽ, സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കമ്മിഷനെ നിയോഗിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. തന്നെ കേസിൽ കുടുക്കാൻ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ ഒരാൾക്കെങ്ങനെയാണ് ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാൻ കഴിയുകയെന്നും അദ്ദേഹം ആരാഞ്ഞു. ഇ.ഡി നടത്തുന്ന അന്വേഷണത്തിലുള്ള കടന്നു കയറ്റമാണ് കമ്മിഷന്റെ നിയമനമെന്ന് അഡി. സോളിസിറ്റർ ജനറൽ കെ.എം. നടരാജും വ്യക്തമാക്കി. നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ പറയാൻ ഇ.ഡി നിർബന്ധിച്ചെന്ന സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളെത്തുടർന്നാണ് സർക്കാർ ഇക്കാര്യം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനനെ കമ്മിഷനായി നിയോഗിച്ചത്.


ഇ.ഡിയുടെ വാദം

 ഇതേ വിഷയത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത രണ്ടു കേസുകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 ഇ.ഡിക്കെതിരായ ആരോപണങ്ങൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിശോധിക്കുന്നുണ്ട്.

 ഇ.ഡിക്കെതിരെ പരാതിയുണ്ടെങ്കിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കണം.

 കേന്ദ്ര ഏജൻസികൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്നവയാണ്.

 ഇവയ്ക്കെതിരെ ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്

 കമ്മിഷൻ ശുപാർശ നൽകിയാൽത്തന്നെ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാനാവില്ല.

 കമ്മിഷന്റെ പ്രവർത്തനം സ്റ്റേചെയ്യണം.

സർക്കാരിന്റെ വാദം

 കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും തമ്മിലുള്ള തർക്കമാണിത്.

 ഹർജി നിലനിൽക്കുമെങ്കിൽ സുപ്രീംകോടതിയാണ് പരിഗണിക്കേണ്ടത്.

 ഒരുദ്യോഗസ്ഥന് കേന്ദ്ര സർക്കാരിനുവേണ്ടി സംസ്ഥാന സർക്കാരിനെതിരെ ഹർജി നൽകാനാവില്ല.

 സർക്കാർ ഉദ്യോഗസ്ഥന് ഒൗദ്യോഗിക പദവിയിൽ ഹർജി നൽകാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

 പ്രതികളുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഇ.ഡി ഉദ്യോഗസ്ഥരാണ്.

 ഇതന്വേഷിക്കരുതെന്ന് ഇ.ഡിക്ക് പറയാനാവില്ല.

Advertisement
Advertisement