കൊവിഡിൽ കുരുങ്ങി ഭൂതം പറയുന്നവരുടെ ഭാവി

Friday 02 July 2021 1:05 AM IST

കോലഞ്ചേരി: ഭാവി എന്തെന്നറിയാതെ ഭാവി പ്രവചനക്കാർ. ഒരുകൈ കണ്ടിട്ട് മാസം നാലു കഴിഞ്ഞു. ഇനി കൈ കാണാനാകുമോ എന്നും അറിയില്ല. വിവിധ അമ്പലങ്ങളോടനുബന്ധിച്ചും ഉത്സവ സീസണുകളുമായിരുന്നു ഭാവി പ്രവചനക്കാരുടെ ജീവിതത്തെ മുന്നോട്ട് നീക്കിയിരുന്നത്. എന്നാൽ കൊവിഡ് ഇവരുടെ ജീവിതം തകർത്തെറിഞ്ഞു. ആദ്യ തരംഗവും രണ്ടാം തരംഗവും മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഉത്സവ സീസണുകളെയാണ് തകർത്തത്. ഇതോടെ ഒരു വർഷം ജീവിക്കാനുള്ള വക ഇവിടെ നിന്ന് കണ്ടെത്തിയിരുന്നവരുടെ ജീവിതം ഇരുട്ടിലായി. വ്യാപനം തുടരുന്നതോട‌െ അമ്പലങ്ങൾ തുറന്നെങ്കിലും ഭക്തരുടെ വരവിന് പരിധി നിശ്ചയിച്ചതോടെ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. അതോടെ ആ പ്രതീക്ഷയും നിലച്ചു. വർഷങ്ങളായി ഇതു മാത്രമായിരുന്നു ഇവരുടെ വരുമാന മാർഗം. ഭാവി പ്രവചനക്കാരിൽ ഒട്ടുമിക്കവരും 65 വയസ് കഴിഞ്ഞവരാണ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങി കൂടിയതോടെ പലരുടെയും കുടുംബം പട്ടിണിയിലാണ്. സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത മേഖലയാണിത്. ക്ഷേമനിധിയുമില്ല. സമാന അവസ്ഥ തന്നെയാണ് പക്ഷി ശാസ്ത്രം, മഷി, രാശി നോട്ടക്കാരും, ജ്യോതിഷികളും,വാസ്തു വിദ്യക്കാരും നേരിടുന്നത്. കൂട്ടിലടച്ച തത്തയ്ക്ക് ഭക്ഷണം നൽകാൻ പോലും കഴിയുന്നില്ല. തത്തയെ പറത്തി വിടാമെന്നു വച്ചാൽ കൂട്ടിൽ കിടന്ന് വളർന്ന തത്ത പറന്നു പോകുന്നുമില്ല. കൊവിഡ് വരെ 500 മുതൽ 2000 രൂപ വരെ ദക്ഷിണയായി കിട്ടിയിരുന്നവരാണ് പലരും.

Advertisement
Advertisement