ഉത്ര വധക്കേസ്: അന്തിമവാദം ഇന്ന് മുതൽ

Friday 02 July 2021 2:36 AM IST

കൊല്ലം: ഉത്ര വധക്കേസിലെ അന്തിമവാദം കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിന്റെ വാദമാണ് കേൾക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയായിരുന്നു.

പ്രോസിക്യൂഷൻ 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും മൂന്ന് സി.ഡികൾ തൊണ്ടിമുതലായി ഹാജരാക്കുകയും ചെയ്തു.

ഡിജിറ്റൽ തെളിവുകൾ നേരിട്ടു പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കൊവിഡ് മാനദണ്ഡം പാലിച്ചാണ് വാദം കേൾക്കുന്നത്. മുഖ്യപ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണ നടത്തുന്നത്.

ഉത്രയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോ. രാഗേഷ്, പാമ്പുപിടിത്തക്കാരനായ വാവ സുരേഷ്, തിരുവനന്തപുരത്തെ കെമിക്കൽ അനാലിസിസ് ലാബിലെ അസി. കെമിക്കൽ എക്‌സാമിനർ ആർ. യുറേക്ക എന്നിവരെ പ്രതിഭാഗത്തിന്റെ ആവശ്യമനുസരിച്ച് വീണ്ടും വിസ്തരിച്ചിരുന്നു.

Advertisement
Advertisement