ചമയങ്ങൾ പാഴ് വസ്തുക്കളായി

Saturday 03 July 2021 12:10 AM IST
പാലക്കുന്നിലെ നരി നാരായണന്റെ വീട്ടിൽ ഉപയോഗ ശുന്യമായി കിടക്കുന്ന ചമയകോപ്പുകൾ

കാസർകോട്: ക്ഷേത്രോത്സവങ്ങൾക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ദൃശ്യ -ശ്രാവ്യ വിരുന്നൊരുക്കി ജീവിച്ചു പോന്ന നാടൻകലാ പ്രദർശനക്കാരായ നൂറുകണക്കിന് കലാകാരന്മാർക്കിത് ഒറ്റവേദി പോലും ലഭിക്കാത്ത രണ്ടാമത്തെ വർഷം. അസംഘടിതരായ ഈ വിഭാഗത്തിന് വേണ്ടി ശബ്ദമുയർത്താൻ ആരുമില്ലാത്ത സാഹചര്യത്തിൽ നിത്യവൃത്തിക്ക് ഗതികെട്ട് നിൽക്കുകയാണ് ഇവരിൽ പലരും.

കഴിഞ്ഞ വർഷം ഉത്സവസമയത്താണ് കൊവിഡിന്റെ വരവ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം ഒഴിവായി. ഒരു വർഷത്തിനു ശേഷം ലോക്ക് ഡൗണിൽ അയവുവന്നപ്പോൾ മറ്റ് പല മേഖലകൾക്കും ചെറിയതോതിൽ പ്രവർത്തിക്കാൻ സാധിച്ചെങ്കിലും ഈ കലാകാരന്മാർക്ക് അതിനും അവസരം ലഭിച്ചില്ല. സംസ്ഥാനത്തിനകത്തും പുറത്തും ഉത്സവങ്ങൾക്കും മറ്റു വിശേഷ ആഘോഷ പരിപാടികൾക്കും പകിട്ടും കൊഴുപ്പും നൽകുന്നതിൽ നാടൻ കലാകാരന്മാരുടെ പങ്ക് ചെറുതല്ല.

'ആദിശക്തി' ഇപ്പോൾ വീട്ടിൽ

പാലക്കുന്ന് ആദിശക്തി പുലിക്കളി നാടൻ കലാക്ഷേത്രത്തിന്റെ സ്ഥാപകനും ഉടമയുമായ നരിനാരായണൻ വാടക നൽകാനാവാതെ പാലക്കുന്നിലെ വാടകകെട്ടിടത്തിലെ കോപ്പുകളെല്ലാം കുതിരക്കോട് കണ്ണോളിലെ തന്റെ വീട്ടിലേക്ക് മാറ്റി. നാടൻ കലാരൂപങ്ങൾക്കു വേണ്ടി വാങ്ങിയതും സ്വന്തം ഉണ്ടാക്കിയതുമായ മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചമയ കോപ്പുകൾ ഉപയോഗശൂന്യമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷമെങ്കിലും ഉത്സവാഘോഷങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിൽ തയാറാക്കിയ ആഫ്രിക്കൻ പക്ഷികൾ, കോഴികൾ, മൂന്ന് തലയുള്ള പാമ്പുകൾ തുടങ്ങിയ രൂപങ്ങൾ ഒരിക്കൽപോലും പ്രദർശിപ്പിക്കാനാകാതെ നശിച്ചു. ആദിശക്തി കലാകേന്ദ്രത്തെ ആശ്രയിച്ചു കഴിയുന്ന ചെന്നൈ, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കലാകാരന്മാരും പട്ടിണിയിലാണ്.

കലയെ ജീവിതോപാധിയാക്കിയ ഒട്ടനേകം കലാകാരന്മാർക്ക് സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൊണ്ട് ജീവിക്കാനാവില്ല. മറ്റുള്ള മേഖലയെ പോലെ ലോക്ക്ഡൗണിൽ ഇളവു വന്നാലും അടുത്ത ഉത്സവകാലം വരെ കാത്താൽ മാത്രമെ ഇവർക്ക് ഒരു പരിപാടി ഒത്തുവരികയുള്ളു. ഇവർക്ക് നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കണം-

വരദ നാരായണൻ, 'നന്മ' ഉദുമ മേഖല കമ്മിറ്റി പ്രസിഡന്റ്

Advertisement
Advertisement