മൊബൈൽ തട്ടിയെടുത്ത മോഷ്ടാക്കൾ യുവാവിനെ ബൈക്കിൽ വലിച്ചിഴച്ചു

Saturday 03 July 2021 12:00 AM IST

ബാലുശ്ശേരി: മൊബൈൽ ഫോൺ തട്ടിയെടുക്കുന്നത് തടഞ്ഞ അന്യസംസ്ഥാന തൊഴിലാളിയെ മോഷ്ടാക്കൾ ബൈക്കിൽ വലിച്ചിഴച്ചത് 100 മീറ്ററോളം. ഇയ്യാട് താമസിക്കുന്ന ബീഹാർ സ്വദേശി അലി അക്ബറിനെയാണ് ബുധനാഴ്ച വൈകിട്ട് ബൈക്കിലെത്തിയ മോഷ്ടാക്കൾ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ കാക്കൂർ സ്വദേശികളായ സനു കൃഷ്ണൻ, ഷംനാസ് എന്നിവരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ അലി അക്ബർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്.

ബൈക്കിലെത്തിയ ഇരുവരും വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ സമീപത്തെത്തി കോൾ ചെയ്യാൻ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. അലിയിൽ നിന്ന് ഫോൺ കൈക്കലാക്കിയ സംഘം നമ്പർ ഡയൽ ചെയ്യുന്നതായി ഭാവിച്ച് ബൈക്ക് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ബൈക്കിൽ പിടിച്ച് നിൽക്കുകയായിരുന്ന അലി പിടിവിട്ടില്ല. അലിയെ വലിച്ചിഴച്ച് കൊണ്ട് ഒാടിയ ബൈക്കിനെ നാട്ടുകാർ പിന്തുടരുന്നത് കണ്ട് പിന്നിലിരുന്നയാൾ മൊബൈൽ ഫോണുമായി റോഡിലേക്ക് ചാടി. എന്നാൽ, നാട്ടുകാർക്ക് പിടികൊടുക്കാതെ റോഡിൽ വീണയാൾ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Advertisement
Advertisement