ജർമ്മൻ മുന്നേറ്രങ്ങളിൽ ഇനി ക്രൂസ് മിസൈലില്ല

Saturday 03 July 2021 3:27 AM IST

ബെർലിൻ: ജ‌ർമ്മൻ പ്ലേമേക്കർ ടോണി ക്രൂസ് രാജ്യാന്തര ഫു്ടബാളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ ക്രൂസിന്റെ വിരമിക്കൽ വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. 31മത്തെ വയസിലാണ് ക്രൂസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. അടുത്ത ഖത്തർ ലോകകപ്പിന് ജർമ്മൻ ജേഴ്സിയൽ താനുണ്ടാകില്ലെന്നും യൂറോ കപ്പ് ജയിക്കുകയെന്ന ആഗ്രഹം സഫലമായില്ലെന്നും വിടവാങ്ങൽ സന്ദേശത്തിൽ ക്രൂസ് പറഞ്ഞു.

106 മത്സരങ്ങളിൽ ഞാൻ ജർമനിക്കായി കളിച്ചു. ഇനിയൊരു തവണ കൂടി എന്നെ ജർമൻ കുപ്പായത്തിൽ കാണാനാവില്ല. ജർമനിക്കായി 109 മത്സരങ്ങൾ തികച്ച് യൂറോ കപ്പും ജയിച്ച് കരിയർ അവസാനിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ ജർമനി പ്രീ ക്വാർട്ടറിൽ പുറത്തായതോടെ 106 മത്സരങ്ങളിൽ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ യൂറോ കപ്പ് മാത്രം നേടാനായില്ലെന്നതാണ് ഏറ്റവും വലിയ ദുഖമായി അവശേഷിക്കുന്നത്.

യൂറോ കപ്പിനുശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ താരമായ ക്രൂസ് പറഞ്ഞു.

കരിയറിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. എന്നെ ദേശീയ താരവും ലോക ചാമ്പ്യനുമാക്കിയ ജോക്വിം ലോക്കും നന്ദി പറയുന്നു. ക്രൂസ് കൂട്ടിച്ചേർത്തു.

2010 മുതൽ 2021 വരെ ജർമനിക്കായി 106 മത്സരങ്ങൾ

17 ​ഗോളുകൾ നേടി.

2014 ലോകകപ്പ് ചാമ്പ്യൻമാരായ ജർമ്മൻ ടീമംഗം

Advertisement
Advertisement