ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും

Sunday 04 July 2021 12:19 AM IST

കൊച്ചി: ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 300 ലേറെ വീടുകൾ ഏറ്റെടുക്കുന്നതായിരുന്നു ആദ്യ പദ്ധതി. പിന്നീട് ഏരിയൽ സർവ്വേ നടത്തിയതിന്റെ ഫലമായി പരമാവധി ചുരുക്കം വീടുകൾ ഏറ്റെടുക്കുന്ന തരത്തിൽ പദ്ധതിയെ മാറ്റിയിട്ടുണ്ട്.

എത്രമാത്രം ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കാൻ കഴിയും അത്രയും ഒഴിവാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നാളെ വീണ്ടും യോഗം ചേരും. ഗിഫ്റ്റ് സിറ്റിയിൽ നിക്ഷേപം നടത്താനായി ധാരാളം പേർ മുന്നോട്ട് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതി പദ്ധതി വിലയിരുത്തി അന്തിമ അനുവാദം ലഭിക്കും.

കളമശേരിയെ സ്റ്റാർട്ടപ്പുകളുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമാക്കി മാറ്റും. എം.എസ്.എം.ഇക്കായി നടപ്പിലാക്കുന്ന സെക്കന്റ് പാക്കേജിൽ കെ.എസ്.ഐ.ഡി.സി നൽകുന്ന ലോണിന് അഞ്ച് ശതമാനം പലിശയെ ഈടാക്കുകയുള്ളൂ. കാക്കനാട്ടെ ട്രേഡ് സെന്റർ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കും. എച്ച്.എൻ.എൽ ഏറ്റെടുത്ത് അവിടെ പേപ്പർ, റബ്ബർ കമ്പനികൾ തുടങ്ങും. ആമ്പല്ലൂർ ഇലക്ട്രോണിക്സ് വില്ലേജ് തുടങ്ങുന്ന പ്രദേശം വ്യവസായത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കും. വ്യവസായ മേഖലയിൽ സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് സംവിധാനം നടപ്പിലാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

Advertisement
Advertisement