ആശാൻ തെങ്ങിൽ, 'ചെത്ത്' പിള്ളേർ വീട്ടിൽ!

Sunday 04 July 2021 12:00 AM IST

ആലപ്പുഴ: ഓൺലൈൻ വഴി നീന്തൽ പഠിപ്പിക്കാൻ വരെ ആളുകളുള്ള നാട്ടിൽ കള്ളുചെത്ത് ഓൺലൈനിൽ എങ്ങനെ പഠിപ്പിക്കാമെന്ന് ചിന്തിച്ച് പരീക്ഷണാർത്ഥം യൂ ട്യൂബിലൂടെ ചെത്ത് വിവരങ്ങൾ പങ്കുവച്ച കുട്ടനാട്ടുകാരൻ അജികുമാറിനെ തേടി കഴിഞ്ഞമാസം ഒരാൾ കുടുംബസമേതം വീട്ടിലെത്തി; തൃശൂർ സ്വദേശി സതീഷ്. ദിവസം 30 ലിറ്റർ കള്ളുവീതം ചെത്തിയെടുക്കുന്ന ചെത്തുകാരനാണ്. ചെത്ത് പഠിച്ചത് അജികുമാറിന്റെ യു ട്യൂബ് വീഡിയോകളിലൂടെ! ആശാനെ നേരിൽ കാണാനായിരുന്നു ആ വരവ്.

കൊവിഡ് കാലത്ത് സകലതും ഓൺലൈനിലേക്ക് ചേക്കേറിയതോടെയാണ് മങ്കൊമ്പ് ചതുർത്ഥ്യാകരി അമ്പാടി വീട്ടിൽ അജികുമാറിനെ (51) ഓൺലൈനിലെ 'ചെത്ത് അദ്ധ്യാപക'നാക്കിയത്. വീഡിയോ കണ്ട് വിളികളെത്തി. പലർക്കും ചെത്ത് പഠിക്കണം. പക്ഷേ,​ കൊവിഡ് കാലത്ത് നേരിട്ടെത്തിയുള്ള പഠനം അസാദ്ധ്യം. അങ്ങനെ അജി ഓൺലൈൻ അദ്ധ്യാപകന്റെ കുപ്പായമണിഞ്ഞു. 'ക്ളാസ്' സമയത്ത് ആശാനും അപ്പോഴത്തെ ശിഷ്യനും വീഡിയോ കാൾ വഴിയാണ് കാണുന്നത്. ചെത്താൻ പാകമായ കുല തിരഞ്ഞെടുക്കുന്നതു മുതൽ തല്ലി പതം വരുത്തി കള്ള് വരുത്തുന്നതടക്കമുള്ള ക്ലാസ് തെങ്ങിൻമുകളിലിരുന്ന് തന്നെ നൽകും.

പാരമ്പര്യമായി ചെത്തുകാരുള്ള കുടുംബത്തിലെ അംഗമായ അജി 19-ാം വയസിലാണ് തൊഴിൽ ആരംഭിച്ചത്. 32 വർഷത്തെ അനുഭവപാരമ്പര്യം. ഇതിനിടെ കൗതുകത്തിനാണ് ചെത്ത് വീഡിയോ യൂ ട്യൂബിൽ പ്രസിദ്ധീകരിച്ചത്.

 സൗജന്യ പഠനം

നാട്ടിൽ ഇരുപത്തിയഞ്ചിലധികം ശിഷ്യന്മാരുണ്ട് അജിക്ക്. ഫീസ് വാങ്ങില്ല. തെങ്ങിൻ കുല പതം വരുത്തി കള്ളുണ്ടാക്കുന്നത് ഏറെ ബുദ്ധി പ്രയോഗിക്കേണ്ട കലയാണെന്ന് അജി പറയുന്നു. ഓലയുടെയും കുലാഞ്ഞിലിന്റെയും ആരോഗ്യം അടക്കം നിരീക്ഷിച്ചാണ് മികച്ച തെങ്ങ് തിരഞ്ഞെടുക്കുന്നത്.

...............

''ഇപ്പോൾ പാടത്ത് കൃഷി ഇറക്കുന്ന സമയമായതിനാൽ ക്ലാസിന് സമയം തികയില്ല. അതുകൊണ്ട് വിളിക്കുന്നവരോടെല്ലാം ഏതാനും ആഴ്ച കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദാരിദ്ര്യമില്ലാതെ കുടുംബം നയിക്കാൻ സഹായിക്കുന്ന തൊഴിലാണ് ചെത്ത്.

-അജികുമാർ അമ്പാടി

Advertisement
Advertisement