ഓൺലൈൻ പഠനം: പെൺകുട്ടികൾക്ക് കൈത്താങ്ങുമായി മലബാ‌ർ ഗ്രൂപ്പ്

Sunday 04 July 2021 3:37 AM IST

 ടാബ്‌ലെറ്റ് വിതരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി നിർദ്ധന പെൺകുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ്‌ലെറ്റ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. 140 നിയമസഭാ മണ്ഡലങ്ങളിലും എം.എൽ.എമാർ വഴിയാണ് അർഹർക്ക് ടാബ്‌ലെറ്റ് വിതരണം. 2,000ഓളം ടാബ്‌ലെറ്റുകൾ സംസ്ഥാനത്ത് വിതരണം ചെയ്യും. മൂന്നു കോടി രൂപയാണ് ഇതിനായി മലബാർ ഗ്രൂപ്പ് ചെലവഴിക്കുക.

പദ്ധതിയുടെ ഉദ്ഘാടനം മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് ടാബ്‌ലെറ്റ് നൽകി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ. റഹീം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, യാഷിർ ആദിരാജ, ആർ. അബ്‌ദുൽ കരീം എന്നിവർ സംബന്ധിച്ചു.

ലോകത്തെ ഏറ്റവും വലിയ ജുവലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണ് ടാബ്‌ലെറ്റ് വിതരണം. ഇന്ത്യയിൽ 134 കോടി രൂപയാണ് വിവിധ ജനക്ഷേമ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് ഇതിനകം ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നിർദ്ധനരായ പെൺകുട്ടികൾക്ക് ടാബ്‌ലെറ്റ് നൽകാനുള്ള ദൗത്യം ഏറ്റെടുത്തതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി മലബാർ ഗ്രൂപ്പ് ഇതിനകം 10 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ലാഭത്തിന്റെ അഞ്ചു ശതമാനമാണ് മലബാർ ഗ്രൂപ്പ് വിവിധ ജനക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കുന്നത്.

Advertisement
Advertisement