പാസുണ്ടായിട്ടും കാര്യമില്ല: അക്കൗണ്ട് കൊള്ളയടിച്ച് ടോൾ പ്ലാസ സെൻസർ

Sunday 04 July 2021 12:00 AM IST

കൊല്ലം: സൗജന്യ പാസുള്ളവരുടെ അക്കൗണ്ടുകളിൽ നിന്ന് കുരീപ്പുഴ ടോൾപ്ലാസ കടക്കുമ്പോൾ പണം ചോരുന്നു. സൗജന്യ പാസ് അനുവദിച്ചിട്ടുള്ളവരുടെ ഫാസ്ടാഗ് നമ്പർ ടോൾ പിരിവിന്റെ സോഫ്‌ട്‌വെയറിൽ ഉൾപ്പെടുത്താൻ സംവിധാനമില്ലാത്തതാണ് പ്രശ്നം.

ടോൾ പ്ലാസയുടെ 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് സൗജന്യ പാസ് അനുവദിച്ചിട്ടുള്ളത്. ഇവർ ഇതുകാണിച്ചാണ് ടോൾ പ്ലാസ കടക്കുന്നത്. പക്ഷേ ഈ വാഹനങ്ങളിലെ ഫാസ്ടാഗ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെങ്കിൽ പണം നഷ്ടമാവുകയാണ്. പണം നഷ്ടമാകാതിരിക്കാൻ ഫാസ്ടാഗ് ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിൽ പണം നിക്ഷേപിക്കാതിരുന്നാൽ മതിയെന്നാണ് ടോൾ പ്ലാസ ജീവനക്കാർ നൽകുന്ന ഉപദേശം. എന്നാൽ എപ്പോഴെങ്കിലും ഈ അക്കൗണ്ടിൽ പണമെത്തിയാൽ കൂട്ടത്തോടെ പിടിക്കാൻ സാദ്ധ്യതയുണ്ട്. പണം പിടിക്കുന്നത് തടയാൻ സ്ഥിരം സംവിധാനമില്ലാത്തതിനാൽ സൗജന്യ പാസുള്ളവർ ഫാസ്ടാഗ് സ്റ്റിക്കർ പേപ്പർ കൊണ്ട് മറച്ചിരിക്കുകയാണ്. ദീർഘദൂര യാത്രകൾ നടത്തുന്നവർ മറ്റ് ടോൾ പ്ലാസകൾ എത്തുമ്പോൾ ഫാസ്ടാഗ് മറച്ച പേപ്പർ ഇളക്കി മാറ്റേണ്ട ഗതികേടിലാണ്. ചില വാഹനങ്ങളിൽ ഫാസ്ടാഗ് മറച്ച് മുകളിൽ പതിച്ചിട്ടുള്ള പേപ്പർ വൈപ്പർ ഉരഞ്ഞ് ഇടയ്ക്കിടെ കീറിപ്പോകുന്നുമുണ്ട്.

4000 സൗജന്യപാസ്

ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള 4000 വാഹനങ്ങൾക്ക് ഇതുവരെ സൗജന്യ പാസ് നൽകിയിട്ടുണ്ട്. ഇപ്പോഴും അപേക്ഷ സ്വീകരിക്കുന്നുമുണ്ട്. പൂർണ സൗജന്യപാസ് നാഷണൽ ഹൈവേ അതോറിറ്റി നിർദേശിച്ചിട്ടില്ലെന്നും തങ്ങളുടെ ഔദാര്യമാണെന്നുമാണ് ടോൾ പിരിവ് കരാർ എടുത്തിരിക്കുന്ന ഏജൻസിയുടെ വാദം.

Advertisement
Advertisement