'ഇമ്മിണി ബല്യ അകലം' സിനിമയുമായി കുരുന്ന് പ്രതിഭകൾ

Monday 05 July 2021 12:12 AM IST
മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ ആവിഷ്കരിച്ച ഇമ്മിണി ബല്യ അകലം ഹ്രസ്വ സിനിമയിൽ നിന്ന്

കാഞ്ഞങ്ങാട് : "സംഗതി അറിഞ്ഞോ കൊവിഡിന് ഒരു ഒറ്റമൂലി കണ്ടുപിടിച്ചു. ആരി.. ഞമ്മള്.... ഈ എട്ടുകാലി മമ്മൂഞ്ഞ്." വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ കൊവിഡ് പശ്ചാത്തലത്തിൽ വായിക്കാൻ ശ്രമിക്കുകയാണ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി. അഞ്ചു മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ സിനിമയ്ക്ക് അവർ ബഷീറിന്റെ ഭാഷയിൽ തന്നെ പേരുമിട്ടു-'ഇമ്മിണി ബല്യ അകലം'.

ബഷീർ കഥകളിലെ മതിൽ സിനിമയിൽ സാമൂഹ്യ അകലത്തിന്റെ പ്രതീകമായി വളരുന്നു. ആടിന് മാസ്ക് കെട്ടാൻ കഴിയാത്തതിലുള്ള വേവലാതിയുമായി പാത്തുമ്മ, കണ്ണിന് ബ്ലാക്ക് ഫംഗസ് വരുമെന്ന ഇബിലീസുകളുടെ പരിഹാസവുമായി ഒറ്റക്കണ്ണൻ പോക്കർ . ആകാശമിഠായി വാങ്ങാൻ ആകാശത്തേക്ക് വിമാനം കയറേണ്ടിവരുമെന്ന ആശങ്കയുമായി കേശവൻ നായരും സാറാമ്മയും. കണ്ണിൽ കാണാത്ത പ്രാണീന്റെ മുന്നിലല്ലപ്പാ കേമന്മാരായ മനുഷ്യര് തോറ്റതെന്ന് കുഞ്ഞിപ്പാത്തു. ലോകത്തെ മരമണ്ടനായി പണ്ടേ വിശേഷിപ്പിച്ചെന്ന് മണ്ടൻ മുത്തപ്പാ.. ഇങ്ങനെ പോകുന്നു കഥാപാത്രങ്ങളുടെ കൊവിഡ് കാല വർത്തമാനം.

ജൈവായുധ യുദ്ധത്തെ ചൊറിയമ്പുഴു യുദ്ധമായി പരിഹസിച്ച ബഷീർ കൊവിഡ് മഹാമാരിയെയും തന്റെ കഥകളിലൂടെ പ്രവചിച്ചുവെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ ബഷീറിനെ ആറാം ക്ലാസിലെ ഋതുരാജ് അനായാസം അവതരിപ്പിച്ചു. ഒന്നാം തരത്തിലെ അക്ഷര കൃഷ്ണയാണ് കുഞ്ഞിപ്പാത്തുവായി അഭിനയിച്ചത്. മീനാക്ഷി, രാജലക്ഷ്മി, ജിഷ്ണ, അതുൽ, ആദിത്യൻ, നിവേദ്, രോഹിത്ത്, ആകാശ്, വിശ്വജിത്ത് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് വേഷം പകർന്നു. പ്രകാശൻ കരിവെള്ളൂരിന്റെതാണ് തിരക്കഥ. രാജേഷ് മധുരക്കാട്ട് സംവിധാനം നിർവ്വഹിച്ചു. സന്ധ്യാ ബാലകൃഷ്ണൻ, ജുബിൻ ബാബു, വിഷ്ണുദത്തൻ, പ്രധാനാദ്ധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ, പി. കുഞ്ഞിക്കണ്ണൻ, ജി. ജയൻ, പി. സജിത എന്നിവരാണ് അണിയറയിൽ

Advertisement
Advertisement