സംവിധായികയാകാൻ ഒത്തിരി ബുദ്ധിമുട്ടി: അപർണ സെൻ

Monday 05 July 2021 2:26 AM IST

തിരുവനന്തപുരം: സിനിമാ രംഗത്ത് സംവിധായിക എന്ന നിലയിൽ തുടക്കം കുറിക്കാൻ ഒത്തിരി ബുദ്ധിമുട്ടിയെന്ന് പ്രമുഖ സംവിധായിക അപർണ സെൻ. ശശി കപൂർ നിർമ്മാതാവായി മുന്നോട്ട് വന്നതുകൊണ്ടാണ് എനിക്ക് ആദ്യ സിനിമ ഒരുക്കുവാൻ കഴിഞ്ഞത്. സത്യജിത് റേയും കുടുംബാംഗങ്ങളും നൽകിയ പിന്തുണ ഏറെ സഹായിച്ചെന്നും അപർണ സെൻ പറഞ്ഞു. കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വനിതകൾ സംവിധാനം ചെയ്യുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരെ കണ്ടെത്തുവാനായി നടന്ന തിരക്കഥാരചന ശില്പശാലയിൽ വിശിഷ്ട അതിഥിയായി സംസാരിക്കുകയായിരുന്നു അപർണ സെൻ.

പ്രതിസന്ധികളിൽ പതറാതെ ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നും ശില്പശാലയിൽ പങ്കെടുത്തവരോട് അപർണ സെൻ പറഞ്ഞു. ഓൺലൈനായി നടന്ന ശില്പശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ,​

കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ.കരുൺ,​ പത്തനംതിട്ട എസ്.പി. ആർ.നിശാന്തിനി കെ.എസ്.എഫ്.ഡി.സി എം.ഡി എൻ.മായ എന്നിവർ സംസാരിച്ചു. അഞ്ജും രാജബാലിയാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. 7ന് സമാപിക്കും.

Advertisement
Advertisement