ചായം പദ്ധതിക്ക് തുടക്കം: 21 അംഗൺവാടികൾ മുഖംമിനുക്കും

Monday 05 July 2021 12:00 AM IST

പാലക്കാട്: അംഗൺവാടികളുടെ മുഖഛായ മാറ്റുന്ന 'ചായം' പദ്ധതി (ചൈൽഡ് ഫ്രന്റ്ലി അംഗൺവാടീസ് ഈൽഡ് ത്രൂ അഡോർമെന്റ് ആന്റ് മേക്കോവർ)യുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 21 അംഗൺവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ കുട്ടികളെ ആകർഷിക്കുക, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ അംഗൺവാടികൾക്കും രണ്ടുലക്ഷം വീതമാണ് നൽകുക. സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ നിർവഹണ ചുമതല തദ്ദേശ സ്ഥയഭരണവകുപ്പിനാണ്. അംഗൺവാടികളെ ശിശുസൗഹൃദ ശിശുപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ചിത്രങ്ങൾ, ശിൽപങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവക്കൊപ്പം കുട്ടികൾക്ക് എഴുതാനും വരയ്ക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കും.

 മുഖംമാറ്റാൻ

1.ജ്യാമീതിയ രൂപങ്ങൾ

2.ശിശുസൗഹൃദ ശൗചാലയം

3.വൈവിധ്യമാർന്ന ചിത്രങ്ങൾ

4.ഔട്ട് ഡോർ ഉൾപ്പെടെയുള്ള വിവിധയിനം കളി ഉപകരണങ്ങൾ

5.മ്യൂസിക് സിസ്റ്റം

6.ആകർഷകമായ ഫർണീച്ചറുകൾ

6.ആധുനിക സൗകര്യങ്ങളുള്ള അടുക്കള

 കുഞ്ഞുങ്ങൾക്ക് സ്വയം പഠനത്തിന് അനുഭൂതി സൃഷ്ടിച്ച് നൽകുന്നതിനും കുഞ്ഞുങ്ങളുടെ സർവതോന്മുഖമായ വികാസം ഉറപ്പു വരുത്തുന്നതുമാണ് പദ്ധതിലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വളർത്താൻ വഴിയൊരുക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സി.ആർ.ലത, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ

 ജില്ലയിലെ ആകെ അംഗൺവാടികൾ - 2835

 സ്വന്തം കെട്ടിടമുള്ളവ - 2361

 വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ - 385

 സർക്കാർ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവ - 89

Advertisement
Advertisement