അടൂരിലുണ്ട്, മാതൃകാ വാക്സിൻ കേന്ദ്രം

Monday 05 July 2021 12:15 AM IST

അടൂർ : സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന അടൂർ ജനറൽ ആശുപത്രിക്കായി നഗരസഭ ഒരുക്കിയ കൊവിഡ് പ്രതിരോധ വാക്സിൻ കേന്ദ്രം മാതൃകയാകുന്നു. നഗരസഭാ ചെയർമാൻ ഡി. സജിയുടെ ദീർഘവീക്ഷണമാണ് പരാതിരഹിത വാക്സിൻ കേന്ദ്രത്തിന് വഴിയൊരുങ്ങിയത്. ആശുപത്രി വളപ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അടൂർ എസ്.എൻ.ഡി.പി യൂണിയന്റെ വിശാലമായ ആഡിറ്റോറിയത്തിൽ കഴിഞ്ഞ ഒരുമാസമായി പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം പ്രവർത്തിക്കുന്നു. ദിവസവും 200 മുതൽ 300 പേർവരെ ഇവിടെയെത്തി വാക്സിൻ സ്വീകരിക്കുന്നു. വിശാലമായ ഒാഡിറ്റോറിയത്തിൽ നിശ്ചിത അകലത്തിൽ ഇരിക്കാനാവശ്യമായ കസേര, കുടിവെള്ളം, ഫാൻ, മൈക്ക് അനൗൺസ്മെന്റിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും മതിയായ ഇടമുണ്ടിവിടെ. മറ്റ് പല കേന്ദ്രങ്ങളിലേയും പോലെ ആളുകളുടെ തിരക്കുമില്ല.

ജനറൽ ആശുപത്രിയിലെ കുട്ടികളുടെ പഴയ വാർഡിന്റെ മുകളിലത്തെ നിലയിലാണ് നേരത്തെ വാക്സിൻ നൽകിവന്നത്. പലർക്കും ഒന്നാം നിലയിൽ കയറിയെത്തുക പ്രയാസമാണ്. ഏതാനും കസേരകൾ ഉണ്ടെന്നതൊഴിച്ചാൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർ മുറ്റത്ത് കാത്തുനിൽക്കേണ്ട സ്ഥിതിയായിരുന്നു. ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ നഗരസഭാ ഭരണാധികാരികൾ

എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. ഒാഡിറ്റോറിയം വാക്സിൻ കേന്ദ്രത്തിനായി വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് നഗരസഭാ ചെയർമാൻ യൂണിയൻ ഭാരവാഹികൾക്ക് കത്ത് നൽകി. അവർ പൂർണ്ണ മനസ്സോടെ തീർത്തും സൗജന്യമായി ഒാഡിറ്റോറിയം നൽകി. ഇതോടെയാണ് ജില്ലയിൽ മറ്റൊരിടത്തും ഇല്ലാത്ത സൗകര്യങ്ങളോടുകൂടിയ വാക്സിൻ കേന്ദ്രം അടൂരിന് സ്വന്തമായത്.

കൂടുതൽ സൗകര്യങ്ങൾ

1. ടോക്കൺ സമ്പ്രദായവും സ്പോട്ട് രജിസ്ട്രേഷനും.

2. വാർഡ് അടിസ്ഥാനത്തിൽ വാക്സിൻ വിതരണം.

3. സഹായത്തിന് ആശാ പ്രവർത്തകരും

ആരോഗ്യവകുപ്പ് ജീവനക്കാരും

4.വാക്സിൻ സ്വീകരിച്ചവർക്ക് വിശ്രമിക്കാൻ പ്രത്യേക ഇടം.

വാക്സിൻ സ്വീകരിക്കാൻ നേരത്തെ എത്തിയവർ ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കണ്ടാണ് ഇത്തരമൊരു സൗകര്യമൊരുക്കിയത്. അടൂർ എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളുടെ സന്മനസാണ് ഇത്തരമൊരു സൗകര്യത്തിന് പിന്നിലുളളത്.

ഡി. സജി,

ചെയർമാൻ, അടൂർ നഗരസഭ

Advertisement
Advertisement