ഒന്നരവയസുകാരന് 18 കോടി പുണ്യമെത്തി,​ ഇനി ചികിത്സാസഹായം അയയ്ക്കേണ്ട

Monday 05 July 2021 11:17 PM IST

ഒന്നരവയസുകാരൻ മുഹമ്മദും സഹോദരി അഫ്രയും

പഴയങ്ങാടി(കണ്ണൂർ): ഒരു കു‍‍‍ഞ്ഞിന്റെ ജീവൻ നിലനിറുത്താൻ, ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നാണെങ്കിലും നാട് ഒരുമിച്ചുനിന്നാൽ എത്തിക്കാൻ കഴിയുമെന്ന് മലയാളികൾ തെളിയിച്ചു. സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ മാരകരോഗം ബാധിച്ച പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ പി.കെ.റഫീഖ് ​-മറിയുമ്മ ദമ്പതികളുടെ മകൻ ഒന്നരവയസുള്ള മുഹമ്മദിന് മരുന്നിന് ആവശ്യമായ 18 കോടി രൂപ നാലു ദിവസങ്ങൾക്കുള്ളിലാണ് കുടുംബത്തിന്റെ അക്കൗണ്ടിൽ എത്തിയത്. ലോകത്തിന്റെ പല ഭാഗത്തുനിന്നായിരുന്നു പ്രതികരണം.

ഇനി അക്കൗണ്ടിലേക്ക് പണം അയയ്ക്കേണ്ടതില്ലെന്ന് ചികിത്സാസഹായകമ്മിറ്റി അറിയിച്ചു. നാട് ഒന്നായി കൈ കോർത്തതിന്റെ ഫലമാണിത്. പലരും നേരിട്ട് എത്തിയാണ് പണം നൽകിയത്. മുഹമ്മദിന്റെ രോഗത്തെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചുകുട്ടികൾ മുതൽ ലോകത്തെ വിവിധ പ്രദേശത്തെ സാധാരണക്കാരും സമ്പന്നരും വരെ സഹായവുമായി എത്തി. കല്യാശ്ശേരി മണ്ഡലം എം.എൽ.എ എം. വിജിൻ മുഖ്യ രക്ഷാധികാരിയായും കെ.വി. മുഹമ്മദലി രക്ഷാധികാരിയായും മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ് ചെയർമാനായും ടി.പി. അബ്ബാസ് ഹാജി കൺവീനറായുമുള്ള കമ്മിറ്റിയാണ് മുഹമ്മദ് സഹായ ഫണ്ടിനായി പ്രവർത്തിച്ചത്.

സോൾജെൻസ്മ 44 മില്ലി

ഗൾഫിൽ എ.സി ടെക്നീഷ്യനായ പിതാവ് റഫീഖിന്റെയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയും സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുട്ടിയാണ്. രണ്ടുവയസിനകം ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നായ സോൾജെൻസ്മ 44 മില്ലി നൽകിയാലേ ഇത് ഭേദമാകൂ. മരുന്ന് എത്തിച്ചാൽ ഇളയ കുട്ടിയായ മുഹമ്മദിനെ രക്ഷിക്കാമെന്ന് കോഴിക്കോട് മിംസിലെ ഡോക്ടർമാരാണ് നിർദ്ദേശിച്ചത്. അമേരിക്കയിൽ മാത്രം ലഭ്യമായ മരുന്നിന് 18കോടിയാണ് വില. നാലാം വയസിലാണ് അഫ്രയുടെ(15)​ അസുഖം തിരിച്ചറിഞ്ഞത്. അതിനാൽ ഈ മരുന്ന് അഫ്രയ്ക്ക് ഫലപ്രദമല്ല. ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുകയാണ് അഫ്ര. ഇളയ കുട്ടിയെയെങ്കിലും രക്ഷിക്കണമെന്ന കുടുംബത്തിന്റെ പ്രാർത്ഥനയോടാണ് നാട് അദ്ഭുതകരമായി പ്രതികരിച്ചത്. റഫീഖിന്റെ രണ്ടാമത്തെ മകളായ 10 വയസുകാരിക്ക് ഈ അസുഖമില്ല.

Advertisement
Advertisement