സർക്കാർ-എയ്‌ഡഡ്‌ സ്‌കൂളുകളിലെ നിയമനങ്ങൾ: ഉത്തരവിറങ്ങി

Tuesday 06 July 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ്‌ സ്‌കൂളുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകളിലും ലാബ് അസിസ്റ്റന്റ് തസ്തികകളിലും പി.എസ്.സി അഡ്വൈസിനെ തുടർന്ന് നിയമന ഉത്തരവ് ലഭിച്ചവർ 15 നും 22 നുമിടയിൽ സർവീസിൽ പ്രവേശിക്കണം. അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകും.
എയ്‌ഡഡ്‌ സ്‌കൂളുകളിൽ 2019 -20 സ്റ്റാഫ് ഫിക്സേഷൻ തന്നെ 2020 -21, 2021 -22 അദ്ധ്യയന വർഷങ്ങളിലും തുടരും. 2021-22 അദ്ധ്യയന വർഷത്തിൽ പ്രാബല്യത്തിൽ വരുന്ന റഗുലർ ഒഴിവുകൾക്കെതിരെയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ വിദ്യാഭ്യാസ ഒാഫീസറെ ചുമതലപ്പെടുത്തി. അതനുസരിച്ച് എയ്‌ഡഡ്‌ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് 13 ന് മുൻപ് നിയമനാംഗീകാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കും. പുതുതായി നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ പരിശീലനം നൽകും.

Advertisement
Advertisement