ലഹരി ഹബ്ബായി ചാത്തന്നൂർ, വഴുതിപ്പോയവർ വലയിൽ

Tuesday 06 July 2021 12:51 AM IST
എസ്.എച്ച്.ഒയുടെ നേതൃത്ത്വത്തിൽ കഞ്ചാവ് തൂക്കി തിട്ടപ്പെടുത്തുന്നു

ചാത്തന്നൂർ: ലഹരി കൈമാറ്റത്തിന്റെയും വില്പനയുടെയും ജില്ലയിലെ സുരക്ഷിത ഹബ്ബായി ചാത്തന്നൂർ മാറുന്നു. പൊലീസ്, എക്സൈസ് അധികൃതർക്ക് ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിലും ആദ്യമായാണ് മൊത്തക്കച്ചവടക്കാർ ചാത്തന്നൂരിൽ പിടിയിലാകുന്നത്.

ഒഡിഷയിൽ നിന്ന് കിലോയ്ക്ക് 750 രൂപ നിരക്കിൽ കഞ്ചാവ് സംസ്ഥാനത്തെത്തിക്കുകയും 3 ഗ്രാം 500 രൂപയ്ക്ക് ചില്ലറ വില്പന നടത്തുകയുമായിരുന്നു പതിവ്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന് ഒഡിഷയിലെ ആകെ വില 31,500 രൂപയാണ്. കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക് കിലോയ്ക്ക് 20,000 രൂപ നിരക്കിലാണ് ഇവർ വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ 84 കിലോയ്ക്ക് ഏകദേശം 16,80,000 രൂപ ഇവിടുത്തെ വില കണക്കാക്കുന്നു. ചില്ലറ വില്പനക്കാർക്ക് ഒരു കിലോ കഞ്ചാവ് മൂന്നു ഗ്രാമിന്റെ ചെറുപൊതികളാക്കി വിൽക്കുമ്പോൾ 1.67 ലക്ഷം രൂപ കിട്ടും. അങ്ങനെ 84 കിലോ കൈമറിഞ്ഞ് പോകുമ്പോൾ ആകെ 1.4 കോടി രൂപയുടെ കച്ചവടമെങ്കിലും നടക്കും.

പിന്നിൽ വൻ സംഘം

കഞ്ചാവ്പൊതി കച്ചവടം, ചെറിയ രീതിയിലുള്ള മൊത്തക്കച്ചവടം എന്നിവ നടത്തി നിരവധിപേർ ചാത്തന്നൂരിൽ നിന്ന് പിടിയിലായിട്ടുണ്ട്. എന്നാൽ ഇത്ര വലിയ അളവ് കഞ്ചാവുമായി പിടിയിലാകുന്നത് ആദ്യമാണ്. പിടിയിലായ രതീഷ് ചാത്തന്നൂർ സ്റ്റേഷനിലെ ക്രിമിനൽ കേസ് പ്രതികൂടിയാണെന്ന് ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ പറഞ്ഞു. ഒപ്പം പിടിയിലായവരുടെ പേരിൽ സമാനമായോ മറ്റേതെങ്കിലുമോ കേസുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement